Latest News
Loading...

തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പണം നാളെ മുതല്‍

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കുന്ന നാളെ മുതല്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വരണാധികാരിയുടെയോ ഉപവരണാധികാരിയുടെ യോ മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. 

കോട്ടയം ജില്ലയില്‍ 71 ഗ്രാമപഞ്ചായത്തുകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും ആറു നഗരസഭകളിലുമാണ് ഡിസംബര്‍ 10ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 

ഈ മാസം 19 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയ്ക്ക് പത്രിക സ്വീകരിക്കും. ഒരു തദ്ദേശ സ്ഥാപനത്തില്‍ മത്സരിക്കുന്നയാള്‍ ആ സ്ഥാപന പരിധിയിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടറായിരിക്കണം. പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ് പൂര്‍ത്തിയായിരിക്കണം. സ്ഥാനാര്‍ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നയാളും അതേ വാര്‍ഡിലെ തന്നെ വോട്ടര്‍ ആയിരിക്കണം.

സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ അതത് സംവരണ വിഭാഗങ്ങളില്‍ പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍ ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഒരാള്‍ ഒരു തദ്ദേശ സ്ഥാപനത്തില്‍ ഒന്നിലധികം വാര്‍ഡുകളില്‍ മത്സരിക്കാന്‍ പാടില്ല. എന്നാല്‍ ത്രിതല പഞ്ചായത്തിലെ മൂന്നു തലങ്ങളില്‍ ഒരേ സമയം (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്) മത്സരിക്കുന്നതിന് തടസമില്ല. 

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സെക്യൂരിറ്റി നിക്ഷേപമായി ഗ്രാമപഞ്ചായത്തിന് 1000 രൂപയും ബ്ലോക്ക് പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും 2000 രൂപയും, ജില്ലാപഞ്ചായത്തിന് 3000 രൂപയുമാണ് അടയ്ക്കേണ്ടത്. പട്ടികജാതി പട്ടികവർഗ വിഭാഗത്തില്‍പ്പെട്ടവര്‍ പകുതി തുക നല്‍കിയാല്‍ മതി. ട്രഷറിയിലോ തദ്ദേശസ്ഥാപനത്തിലോ തുക അടച്ച രസീതോ പണമോ ഡെപ്പോസിറ്റായി നല്‍കാവുന്നതാണ്. സെക്യൂരിറ്റി തുക അധികം നല്‍കാതെ തന്നെ ഒരു സ്ഥാനാര്‍ഥിക്ക് മൂന്നു സെറ്റ് പത്രികകള്‍ വരെ സമര്‍പ്പിക്കാം.

പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20ന് നടക്കും.

Post a Comment

0 Comments