Latest News
Loading...

തെക്കേക്കര ഒന്നാം വാര്‍ഡില്‍ സിപിഐയും ജോസ് വിഭാഗവും മല്‍സരരംഗത്ത്


പൂഞ്ഞാര്‍ തെക്കേക്കര ഒന്നാം വാര്‍ഡില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നത് രണ്ട് പേര്‍. സിപിഐ കഴിഞ്ഞകാലങ്ങളില്‍ മല്‍സരിച്ച വാര്‍ഡില്‍ കുര്യാച്ചന്‍ പിപി പാറയില്‍ അരിവാള്‍ നെല്‍കതിര്‍ ചിഹ്നത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ ദേവസ്യാച്ചന്‍ വാണിയപ്പുരയാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്. 

കഴിഞ്ഞ രണ്ട് ടേമിലും സിപിഐയായിരുന്നു ടൗണ്‍ വാര്‍ഡില്‍ മല്‍സരിച്ചത്. കാലങ്ങളായി ടൗണ്‍ വാര്‍ഡ് സീറ്റ് തങ്ങളുടേതാണെന്നാണ് സിപിഐ വാദം. അതുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അടക്കം സ്ഥാപിച്ചതും. വാര്‍ഡിലെ താമസക്കാരനെന്ന നിലയില്‍ ദേവസ്യാച്ചന്‍ മല്‍സരരംഗത്തിറങ്ങയത് മാത്രമാണെന്നും സൗഹൃദമല്‍സരമായി മാത്രം കണ്ടാല്‍ മതിയെന്നുമാണ് സിപിഐ നേതൃത്വം പറയുന്നത്. 

അതേസമയം, താനാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെന്ന് ദേവസ്യാച്ചന്‍ വാണിയപ്പുര പറഞ്ഞു. ഇടതുമുന്നണിയുടെ മിനുട്‌സിലടക്കം ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായി പരാജയപ്പെട്ട വാര്‍ഡ് പിടിക്കാന്‍ ജോസ് വിഭാഗം മല്‍സരിക്കട്ടെയെന്നാണ് തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച വേളയില്‍ സിപിഐ ഇറങ്ങിപോവുകയും രാത്രിയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളക്‌സ് സ്ഥാപിക്കുകയുമാണുണ്ടയതെന്നും ദേവസ്യാച്ചന്‍ പറയുന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണപരിപാടികളിലടക്കം തന്നെയാണ് പാര്‍ട്ടി പങ്കെടുപ്പിച്ചതെന്നും ദേവസ്യാച്ചന്‍ ചൂണ്ടിക്കാട്ടി. 

എന്നാല്‍, സിപിഐ മല്‍സരിച്ചിരുന്ന വാര്‍ഡില്‍ സിപിഐ തന്നെ മല്‍സരിക്കുമെന്ന് മല്‍സരരംഗത്തുള്ള പി പി കുര്യാച്ചന്‍ പറയുന്നു. 40 വര്‍ഷമായി പൊതുപ്രവര്‍ത്തനരംഗത്തുള്ള താന്‍ ഒരുതവണ മല്‍സരിക്കട്ടെയെന്നാണ് ദേവസ്യാച്ചന്‍ പറയുന്നത്. യുഡിഎഫില്‍ നിന്ന കാലത്ത് മല്‍സരിക്കാത്തയാള്‍, എല്‍ഡിഎഫിലേയ്‌ക്കെത്തിയ പിന്നാലെ സിപിഐ മല്‍സരിക്കുന്ന വാര്‍ഡില്‍ മല്‍സരിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കില്ലെന്നും കുര്യാച്ചനും പറയുന്നു. 

യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥി ആരെന്നത് സംബന്ധിച്ച് സിപിഎം നേതൃത്വവും വ്യക്തമായി ഉത്തരം നല്‍കിയിട്ടില്ല. പത്രിക പിന്‍വലിക്കാന്‍ തിങ്കളാഴ്ച 3 മണിവരെയാണ് സമയം. അതിനുള്ളില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനാണ് നീക്കം. 

കഴിഞ്ഞ 2 ടേമുകളില്‍ കോണ്‍ഗ്രസിനായിരുന്നു വാര്‍ഡില്‍ വിജയം. 2015-ല്‍ ടെസി ബിജു വിജയിച്ചപ്പോള്‍ 2010-ല്‍ റോജി തോമസ് മുതിരേന്തിക്കലാണ് വിജയിച്ചത്. ഇത്തവണയും റോജിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

Post a Comment

0 Comments