Latest News
Loading...

എല്ലാം ഇലക്ഷന്‍ തിരക്കില്‍. പെട്രോള്‍വില 82 കടന്നു


തെരഞ്ഞെടുപ്പ് തിരക്കുകളിലേയ്ക്ക് എല്ലാവരും ഊളിയിടുമ്പോള്‍ ഇന്ധനവില പതിയെ പതിയെ മുന്നേറുന്നു. ചില്ലറ നിരക്കില്‍ വര്‍ധിക്കുന്ന വിലനിലവാരം പലരും ശ്രദ്ധിക്കാതെ പോകുമ്പോള്‍ തുടര്‍ച്ചയായ 9-ാം ദിവസമാണ് വില വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ വില 82 രൂപ 23 പൈസയിലും ഡീസല്‍ വില 76 രൂപ 3 പൈസയിലുമെത്തി. 

ഇന്ന് മാത്രം പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയുമാണ് ഉയര്‍ന്നത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കൂടിയെ ന്യായം ചൂണ്ടിക്കാട്ടിയാണ് വിലവര്‍ധനവ്. ഇന്ധനവില ഉയരുന്നത് വിലക്കയറ്റത്തിനും കാരണമാകും. 

ദിവസവും അര്‍ദ്ധരാത്രി 12 മുതല്‍ ഇന്ധനവില വര്‍ധിപ്പിക്കുന്ന രീതിയായിരുന്നു മുമ്പുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ദിവസവും രാവിലെ ആറു മണി മുതലാണ് വില കൂടുക. എണ്ണക്കമ്പനികള്‍ രാവിലെ ഡീലര്‍മാര്‍ക്ക് വില എസ്എംഎസായി അയക്കുകയാണെന്ന് പമ്പുടമകള്‍ പറയുന്നു. രണ്ടുവര്‍ഷംമുമ്പുവരെ പമ്പുകളിലെ വിലനിലവാരം ദിവസവും മാറ്റി ക്രമീകരിക്കണമായിരുന്നു. ഇപ്പോള്‍ കമ്പനി നിയന്ത്രണത്തില്‍ വില മാറ്റുന്ന ഓട്ടോമോഷന്‍ സംവിധാനമാണ്.

മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ പെട്രോള്‍ നികുതി 9 രൂപ 48 പൈസയായിരുന്നത് ഇപ്പോള്‍ 22 രൂപ 98 പൈസയായി ഉയര്‍ന്നു. ഡീസല്‍ സെസാകട്ടെ 3 രൂപ 56 പൈസയായിരുന്നത് 18 രൂപ 83 പൈസയാക്കി ഉയര്‍ത്തി.  

രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞാലും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാതെ നികുതി വര്‍ദ്ധിപ്പിക്കുന്ന നയവുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ദിനംപ്രതി ചെറിയ നിരക്കില്‍ വില കൂട്ടുമ്പോള്‍ വലിയ പ്രതിഷേധങ്ങളില്ലാതെ ജനങ്ങളെ കൊളളയടിക്കാമെന്ന തന്ത്രമാണ് എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരും സ്വീകരിക്കുന്നത്.

Post a Comment

0 Comments