Latest News
Loading...

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; 4 യുവാക്കള്‍ അറസ്റ്റില്‍



വ്യാജ ആധാര്‍കാര്‍ഡുണ്ടാക്കി വിവിധ സ്ഥലങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘം പിടിയിലായി. ഈരാറ്റുപേട്ട കരോട്ട് വീട്ടില്‍ മുഹമ്മദ് ഷിജാസ്, വെള്ളാപ്പള്ളില്‍ മുഹമ്മദ് റാഫി, നടയ്ക്കല്‍ സ്വദേശി വലിയവീട്ടില്‍ മുഹമ്മദ് ഷാഫി, തൊടുപുഴ സ്വേദേശി ഗോപി എന്നിവരാണ് പിടിയിലായത്. കിടങ്ങൂര്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 

കിടങ്ങൂരിലെ രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ 22 ന് സ്വര്‍ണം പൂശിയ രണ്ട് വളകള്‍ വീതം പണയം വച്ച് പണം വാങ്ങിയിരുന്നു. ഒരിടത്ത് നിന്ന് 70,000 രൂപയും മറ്റിടത്ത് നിന്ന് 65,000 രൂപയുമാണ് വാങ്ങിയത്. രണ്ടിടത്തും ആധാര്‍ കാര്‍ഡ് പകര്‍പ്പ് ഹാജരാക്കിയിരുന്നു. 

ദൃശ്യം മോഡല്‍ അന്വേഷണത്തെ വഴിതിരിച്ചുവിടലും ഇതിനിടയില്‍ ഉണ്ടായതായി പോലീസ് പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍സിം മറ്റൊരു ഫോണിലിട്ട് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കയറ്റിവിടുകയായിരുന്നു. എന്നാല്‍ പഴുതടച്ച് നടത്തിയ അന്വേഷണത്തില്‍ കാക്കനാട് ഒളിസങ്കേതത്തില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 

കിടങ്ങൂരിലെ സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം 24ന് ഏരുമേലിയിലെത്തിയ യുവാവ് അവിടുള്ള പണമിടപാട് സ്ഥാപനത്തിലും സമാനരീതിയില്‍ ആധാര്‍ കാര്‍ഡ് നല്‍കി രണ്ട് വളകള്‍വച്ച് 90,000 രൂപ വാങ്ങിമടങ്ങി. പിന്നീട് സംശയം തോന്നിയ സ്ഥാപന ഉടമ ഈ വളകള്‍ ഉരച്ച് നോക്കിയപ്പോഴാണ് മുക്കുപണ്ടമാണന്നറിയുന്നത്. 

ഇതോടെ സ്വകാര്യ പണമിടപാടുകാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ സംഭവത്തെക്കുറിച്ച് അറിയിപ്പ് നല്‍കിയതോടെ കിടങ്ങൂരിലെ പണമിടപാട് സ്ഥാപന ഉടമകള്‍ പണയ ഉരുപ്പടികള്‍ പരിശോധിച്ചപ്പോഴാണ്. ഇവിടെയും പണയം വച്ചിരുന്നത് മുക്കുപണ്ടമാണന്ന് അറിയുന്നത്. 

കിടങ്ങൂരിലെ പണമിടപാട് സ്ഥാപന ഉടമകളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ തിങ്കളാഴ്ച രാവിലെ തൊടുപുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ യുവാവ് അവിടെനിന്നും സമാന രീതിയില്‍ മുക്കുപണ്ടം വച്ച് 65000 രൂപ വാങ്ങി. ഉച്ചകഴിഞ്ഞ് ഇതേ സ്ഥാപനത്തിന്റെ തൊടുപുഴയില്‍ തന്നെയുള്ള മറ്റൊരുശാഖയില്‍ പണയം വയ്ക്കാന്‍ എത്തി. 

സംശയം തോന്നിയ ജീവനക്കാര്‍ യുവാവിനെ പിടികൂടിയെങ്കിലും അവരെ തള്ളിമാറ്റി യുവാവ് ഓടിരക്ഷപ്പെട്ടു.എല്ലാ സ്ഥാപനങ്ങളിലും നല്‍കിയിരുന്ന ആധാര്‍ കാര്‍ഡ് കോപ്പിയിലെ ഫോട്ടോ ഒരാളുടേത് തന്നെയായിരുന്നുവെങ്കിലും പേരും ആധാര്‍നമ്പരും വിലാസവും വ്യത്യസ്തമായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ആധാര്‍ കാര്‍ഡും വ്യാജമായി നിര്‍മ്മിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായത്.

ജില്ലാ പോലീസ് മേധാവി ജയദേവിന്‍രെ മേല്‍നോട്ടത്തില്‍ പാലാ ഡിവൈഎസ്പി സാജു വര്‍ഗീസ്, കിടങ്ങൂര്‍ സിഐ സിബി തോമസ്, എസ്‌ഐ അനീഷ് പിഎസ്, എഎസ്‌ഐ പ്രസാദ്, മഹേഷ്, ആന്റണി സെബാസ്റ്റ്യന്‍, സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ ഏറ്റുമനൂര്‍ കോടതിയില്‍ ഹാജരാക്കി. 


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവരുടെ പേരില്‍ കേസുകളുണ്ട്. വ്യാജരേഖ നിര്‍മിച്ച് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയതായി കിടങ്ങൂര്‍ സിഐ സിബി തോമസ് പറഞ്ഞു.

Post a Comment

0 Comments