19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1888 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 269 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 476, കോഴിക്കോട് 385, എറണാകുളം 192, തൃശൂര്‍ 221, ആലപ്പുഴ 220, തിരുവനന്തപുരം 164, കൊല്ലം 185, പാലക്കാട് 98, കോട്ടയം 157, കണ്ണൂര്‍ 67, ഇടുക്കി 69, കാസര്‍ഗോഡ് 53, പത്തനംതിട്ട 26, വയനാട് 34 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, എറണാകുളം 7, തിരുവനന്തപുരം, കൊല്ലം 6 വീതം, കോഴിക്കോട് 5, തൃശൂര്‍ 3, മലപ്പുറം 2, പത്തനംതിട്ട, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6567 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 310, കൊല്ലം 654, പത്തനംതിട്ട 155, ആലപ്പുഴ 658, കോട്ടയം 683, ഇടുക്കി 283, എറണാകുളം 503, തൃശൂര്‍ 647, പാലക്കാട് 973, മലപ്പുറം 684, കോഴിക്കോട് 556, വയനാട് 67, കണ്ണൂര്‍ 285, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 70,925 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,54,774 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,19,262 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,739 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,523 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1815 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കരുണാപുരം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8, 16, 17), വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 23), എറണാകുളം ജില്ലയിലെ കീരമ്പാറ (സബ് വാര്‍ഡ് 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 600 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ജനുവരി 24-ന് ഇവിടെ കൊവിഡ് കണ്ട്രോൾ റൂം ആരംഭിച്ചിരുന്നു. രാജ്യത്താദ്യം കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനം കേരളമാണ്. എന്നാൽ ആദ്യത്തെ കേസിൽ നിന്നും ഒരാളിലേക്ക് പോലും രോഗം പകരാതെ നമ്മുക്ക് പ്രതിരോധിക്കാന്‍ പറ്റി. 156 ദിവസം കൊണ്ടാണ് 5000 കേസുകൾ ആയത്. വളരെ പെട്ടെന്ന് പലയിടത്തും രോഗം പകർന്നെങ്കിലും അതീവ ജാഗ്രത മൂലം ഇവിടെ രോഗവ്യാപനം പിടിച്ചു നിർത്താനായി. ആ സമയത്തിനിടയ്ക്ക് ചികിത്സാ സംവിധാനങ്ങൾ കൃത്യമായി വികസിപ്പിക്കാൻ നമ്മുക്കായി. അതുകൊണ്ടുണ്ടായ ഗുണം പിന്നീട് രോഗവ്യാപനം ഉച്ഛസ്ഥായിയിൽ എത്തിയപ്പോഴും മരണസംഖ്യ കുറച്ച് നിര്‍ത്താന്‍ സാധിച്ചു. സംസ്ഥാനത്ത് പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്.
ഒരോ ദിവസവും ഒരോ ജില്ലയിൽ പൊസിറ്റീവ് ആകുന്നവരുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ട്. ഒരാഴ്ചയിൽ എത്രപേർ പുതുതായി രോഗികളായി എന്നും എത്ര പേർ രോഗമുക്തി നേടി എന്നുമുള്ള കണക്കാണ് കൊവിഡ് വ്യാപനം കൃത്യമായി മനസിലാക്കാൻ ഉപയോഗിക്കുക. ഒക്ടോബർ 17 മുതൽ ഒരോ ആഴ്ചയിലേയും കൊവിഡ് രോഗികളുടെ എണ്ണം തൊട്ടുമുൻപത്തെ ആഴ്ചയേക്കാൾ കുറഞ്ഞു വരികയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സിയലിയുണ്ടായിരുന്ന ദിവസം ഒക്ടോബർ 24 ആയിരുന്നു. 97417 പേർ അന്ന് ചികിത്സയിലുണ്ടായിരുന്നു. പിന്നീട് കുറഞ്ഞു. ഇപ്പോൾ ഏതാണ്ട് 75000 ആളുകളാണ് ചികിത്സയിലുള്ളത്. ഒരോദിവസവും രോഗികളാവുന്നവരുടെ എണ്ണം രോഗമുക്തി നേടുന്നവരുടെ എണ്ണത്തേക്കാൾ കുറവാണ്. കൊവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന ഗുരുതര രോഗാവസ്ഥയുള്ളവരുടെ എണ്ണത്തിലും കുറവുണ്ട്. രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസമാണ് . എന്നാൽ ജനങ്ങൾ ഇതേവരെ പാലിച്ച ജാഗ്രതയിൽ ഇതുകാരണം ഒരു വിട്ടു വീഴ്ചയും പാടില്ല. മാസ്കുകൾ ഉപയോഗിക്കുന്നതിൽ കൈകൾ ശുചിയാക്കുന്നതിൽ സാമൂഹിക അകലം പാലിക്കുന്നതിൽ എല്ലാത്തിലും ജാഗ്രത വേണം. ഒരു വീഴ്ചയും പാടില്ല. വീഴ്ച വന്നാൽ രോഗവ്യാപനം വീണ്ടും ഉയരും.
കൊവിഡിന് രണ്ടാമതും മൂന്നാമതും തരംഗങ്ങളുണ്ടാവാം എന്നാണ്. അതിലെ പ്രത്യേകത ആദ്യത്തെ തരംഗത്തേക്കാൾ കൂടുതൽ രൂക്ഷമായ വ്യാപനം രണ്ടാം തരംഗത്തിൽ ഉണ്ടാവാം. അമേരിക്കയിൽ ഇതുവരെ ഉണ്ടായതിൽ ഏറ്റവും കൂടുതൽ രോഗികളുണ്ടാവുന്നത് ഇപ്പോൾ ആണ്. യൂറോപ്പിലും കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു. രോഗവ്യാപനം തടയാൻ നമ്മുടെ നാട്ടിൽ പരക്കെ പ്രചരിപ്പിച്ച സ്വീഡൻ മോഡലും പരാജയപ്പെട്ടു അവിടെയും രോഗവ്യാപനം രണ്ടാമതും ശക്തമായി. ഇതുവരെ നമ്മൾ കാണിച്ച കരുതലും ജാഗ്രതയും ശക്തമായി തുടരണം. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെ തുടർന്ന് അമേരിക്കയിലും മറ്റും രോഗവ്യാപനം വർധിച്ചുവെന്നത് ശ്രദ്ധിക്കണം. തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ഈ ഘട്ടത്തിൽ രാഷ്ട്രീയ പ്രവർത്തകരും ഉദ്യോഗസ്ഥരും ജനങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.
കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചു വേണം തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ. കൈപിടിക്കലും കെട്ടിപ്പിടക്കലുമെല്ലാം സ്ഥാനാർത്ഥികൾ പൂർണമായും ഒഴിവാക്കണം. പ്രായാധിക്യം ഉള്ളവരുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം. നിരവധി വീടുകൾ സന്ദർശിക്കുന്നതിനാൽ പ്രചാരണത്തിന് പോകുന്നവർ പ്രത്യേകം ശ്രദ്ധ എടുക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നവർക്കായി പ്രത്യേക പ്രോട്ടോക്കോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയിട്ടുണ്ട്. ആൾക്കൂട്ടം ഒഴിവാക്കുക.എന്നതാണ് ഇതിൽ പ്രധാനം.
കൊവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യം സന്തോഷം തരുന്നതാണ്. എന്നാൽ ആരോഗ്യപ്രവർത്തകർക്ക് ഇതിൻ്റെ ഭാഗമായി ഒരു വിശ്രമം കിട്ടുന്നില്ല. അവർ മറ്റു ആരോഗ്യപ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടി വരുന്നു. കൊവിഡ് രോഗമുക്തി നേടിയ ശേഷവും ശാരീരിക അവശതകൾ തുടരുന്ന പോസ്റ്റ് കൊവിഡ് സിൻഡ്രം പലരിലും കാണുന്നു. എന്നാൽ കൊച്ചുകുഞ്ഞുങ്ങളിലടക്കം ഈ അവസ്ഥ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ കൊവിഡ് രോഗം മാറിയവർ വളരെ ശ്രദ്ധ തുടരണം. സർക്കാർ ആരംഭിച്ച പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ സേവനം ആവശ്യം ഉള്ളവരെല്ലാം ഉപയോഗിക്കണം. ഇതോടൊപ്പം മതപരമായ ആഘോഷങ്ങൾ, തീർത്ഥാടനം എന്നിവ വഴിയുള്ള വലിയ ആൾക്കൂട്ടങ്ങളും ഒഴിവാക്കണം.
കർക്കശമായ രീതിയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചിട്ടും തിരുപ്പതി ക്ഷേത്രത്തിൽ കൊവിഡ് വ്യാപനം ഉണ്ടായ അനുഭവം നമ്മുടെ മുന്നിലുണ്ട്. രാജ്യത്തെമ്പാട് നിന്നും ആളുകൾ വരുന്ന സ്ഥലമായത് കൊണ്ട് അവിടെ നിന്നുള്ള വ്യാപനവും രാജ്യവ്യാപകമായിരിക്കും എന്ന അപകടമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് വേണം നാം ശബരിമല തീർത്ഥാടനം നടത്താൻ. സർക്കാർ സംവിധാനങ്ങൾ നിർദേശിക്കുന്ന ജാഗ്രത എല്ലാവരും പാലിക്കണം. ആളുകൾ കൂട്ടംകൂടിയിരിക്കാനും തൊട്ടുനടക്കാനോ ഇരിക്കാനോ ഒന്നും പാടില്ല. ഒരോദിവസവും കടത്തി വിടുന്ന തീർത്ഥാടകരുടെ എണ്ണത്തിന് പരിധിയുണ്ട്.എല്ലാ തീർത്ഥാടകരും യാത്രക്കിടെ മാസ്കുകകൾ ധരിക്കണം. കൈകൾ ശുചിയാക്കണം.ശാരീരിക അകലം പാലിക്കണം. അതോടൊപ്പം ഒരോ ആളും ഹാൻഡ് സാനിറ്റൈസർ കരുതുകയും വേണം. പനി,ചുമ, ശ്വാസതടസം എന്നിവയുള്ളവർ ശബരിമല തീർത്ഥാടനം ഇക്കുറി ഒഴിവാക്കുന്നതാണ് ഉചിതം. അവരുടെ ശാരീരിക അസ്വസ്ഥതകൾ കൂടുതൽ ഗുരുതരമാവാൻ ഇതു കാരണമാകും
0 Comments