ലോക് ഡൗണിനെ തുടര്‍ന്ന് പുറത്തിറങ്ങുന്നവരെ പരിശോധിക്കുന്ന പോലീസ്, ഈരാറ്റുപേട്ടയില്‍ അതിരുവിടുന്നതായി പരാതികള്‍ വ്യാപകമാവുന്നു. ലോക്ഡൗണിന്റെ ആദ്യദിനങ്ങളില്‍തന്നെ ലാത്തിയടിയേറ്റ നിരവദിപേരുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്നലെ വീടിന് സമീപം നിന്ന യുവാവിനെ പോലീസുകാര്‍ ലാത്തികൊണ്ട് ക്രൂരമായി അടിച്ചെന്നാണ് പുതിയ പരാതി. ഈരാറ്റുപേട്ട കടുവാമുഴി ചായിപറമ്പില്‍ ഫൈസലിനാണ് മര്‍ദ്ദനമേറ്റത്.
ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം. രാത്രി എട്ടോടെ കടുവാമുഴി ഭാഗത്ത് സംഘര്‍ഷമുണ്ടായത് സ്ഥലവാസികള്‍ പോലീസില്‍ അറിയിച്ചിരുന്നു. പ്രശ്‌നമുണ്ടാക്കിയവര്‍ സ്ഥലം വിട്ടശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്. മൂന്നു വാഹനങ്ങളിലായാണ് പൊലീസ് പ്രദേശത്തെത്തിയത്. സംഘര്‍ഷം നടന്ന സ്ഥലത്തോ സമീപ പ്രദേശങ്ങളിലോ ഈ സമയം ആളുകളാരും ഉണ്ടായിരുന്നില്ല. പൊലീസ് റോഡരികിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്ന ഫൈസലിനേയും സുഹൃത്തിനേയും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
ബഹളം കേട്ടപ്പോള്‍ എന്താണ് പ്രശ്‌നം എന്നറിയാന്‍ ഇറങ്ങിവന്നതാണെന്നും റോഡിലേക്ക് ഇറങ്ങിട്ടില്ലെന്നും പറഞ്ഞിട്ടും പൊലീസ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ഫൈസല്‍ പറയുന്നത്. ഫൈസലിന്റെ പുറത്തും കൈകളിലും തുടകളിലും പരിക്കുണ്ട്. അടിയേറ്റ ഫൈസലിന്റെ പുറവും കൈയും വിണ്ടുകീറി.
ലോക്ഡൗണിന്റെ ആദ്യദിവസങ്ങളിലേതിനേക്കാള്‍ നഗരത്തില്‍ ആളുകള്‍ കുറഞ്ഞിട്ടുണ്ട്. അതേസമയം ഈരാറ്റുപേട്ടയെ അപേക്ഷിച്ച് തൊട്ടടുത്ത പട്ടണമായ പാലായില്‍ വലിയ തിരക്കാണ്. കഴിഞ്ഞദിവസം നടയ്ക്കലില്‍ ബൈക്കിലെത്തിയ യുവാവിനെ തടയാനുള്ള ശ്രമത്തിനിടെ യുവാവ് വീണ് പരിക്കേറ്റതിനെതിരെയും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
Video