Latest News
Loading...

എം എല്‍ എ മാറിയ കാര്യം ജോസ് കെ മാണി ഉള്‍ക്കൊള്ളണമെന്ന് എന്‍ സി പി



പാലാ: പാലായില്‍ എം എല്‍ എ മാറിയ വിവരം രാജ്യസഭാ എം പി യായ ജോസ് കെ മാണി ഇനിയെങ്കിലും ഉള്‍കൊള്ളണമെന്ന് എന്‍ സി പി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ജനഹിതം മാനിക്കാന്‍ തയ്യാറാകണമെന്നും എന്‍ സി പി പറഞ്ഞു. പാലാ എം എല്‍ എയായിരുന്ന കെ എം മാണി മണ്‍മറഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു. തെരഞ്ഞെടുപ്പ് വരികയും മാണി സി കാപ്പന്‍ എം എല്‍ എ ആകുകയും ചെയ്തു. പാലാ മണ്ഡലത്തിലെ എം എല്‍ എ ആസ്തി വികസന ഫണ്ട് കൈകാര്യം ചെയ്യുന്നത് മാണി സി കാപ്പനാണ്.

പാലാ എം എല്‍ എ യുടെ ആസ്തി വികസനഫണ്ട് ചെലവൊഴിക്കുന്നതിനെക്കുറിച്ച് പറയാന്‍ രാജ്യസഭാ എം പി ക്ക് എന്തധികാരമാണുള്ളതെന്ന് എന്‍ സി പി ചോദിച്ചു. പഴയ എം എല്‍ എ യുടെ മകന്‍ എന്ന നിലയില്‍ ഇക്കാര്യം പറയാന്‍ യോഗ്യതയുണ്ടോ എന്നു ജോസ് കെ മാണി സ്വയം വിലയിരുത്തണം. എം പി ഫണ്ട് രണ്ടു വര്‍ഷത്തേയ്ക്ക് റദ്ദാക്കിയ സാഹചര്യത്തില്‍ പാലായില്‍ വാക് ഇന്‍ സാംപിള്‍ കളക്ഷന്‍ കിയോസ്‌ക് എങ്ങനെ സ്ഥാപിക്കുമെന്ന് രാജ്യ സഭാ എം പി വ്യക്തമാക്കണം.


മറ്റുള്ളവരുടെ അധികാരപരിധിയില്‍ കടന്നു കയറി എം പി സ്വയം അപഹാസ്യനാകുകയാണ്.  എം എല്‍ എ യുടെ ആസ്തി വികസന ഫണ്ട് മാണി സി കാപ്പന്‍ കൈകാര്യം ചെയ്തു കൊള്ളുമെന്ന് എന്‍സിപി ഓര്‍മ്മിപ്പിച്ചു. പാലായില്‍ നിന്നും വന്‍ഭൂരിപക്ഷം നേടിയ തോമസ് ചാഴികാടനെ പാലായില്‍ കാണാത്തതിന് കാരണം പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ ജോസ് കെ മാണി വ്യക്തമാക്കണം. ബ്ലോക്ക് പ്രസിഡന്റ് ജോഷി പുതുമന അധ്യക്ഷത വഹിച്ചു.