Latest News
Loading...

നിലവിളക്ക് സാക്ഷിയാക്കി രാജേഷും ആതിരയും ഒന്നായി


ആളുകളും ആരവവുമില്ലാതെ, നാദസ്വരമേളമില്ലാതെ രാജേഷും ആതിരയും കുടുംബജീവിതത്തിലേയ്ക്ക് പ്രവേശിച്ചു. നാളുകള്‍ക്ക് മുന്‍പേ തീരുമാനിച്ച വിവാഹം കോവിഡ് കാലത്തിനിടയിലും ആളും ആരവുമില്ലാതെ നടത്താന്‍ നിശ്ചയിച്ചതോടെയാണ് കോവിഡ് കാലത്തെ വിവാഹം പാലാ വള്ളിച്ചിറയില്‍ നടന്നത്.

തലനാട്ട് വ്യാപാരിയായ തോട്ടത്തില്‍ വീട്ടില്‍ രാജേഷും പാലായില്‍ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ വള്ളിച്ചിറ സ്വദേശിനി ആതിരയും തമ്മിലുള്ള വിവാഹം നാളുകള്‍ക്ക് മുന്‍പേ വീട്ടുകാര്‍ നിശ്ചയിച്ചിരുന്നതാണ്. ലോക് ഡൗണ്‍ പ്രഖ്യാപനത്തിനും നാളുകള്‍ക്കു മുമ്പേ നിശ്ചയിച്ച വിവാഹം, നിലവിലെ സാഹചര്യത്തില്‍ നടക്കുമോ എന്ന ആശങ്ക ഇരു വീട്ടുകാര്‍ക്കും  ഉണ്ടായിരുന്നു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് വിവാഹം നടത്തിക്കൊടുക്കാന്‍ വള്ളിച്ചിറ ശാഖാ പ്രസിഡന്റ് സോമന്‍ തയാറായതോടെ  വീട്ടുകാര്‍ വിവരം ആരോഗ്യ വകുപ്പിലും പോലീസിലും അറിയിച്ച് മുന്‍കൂര്‍അനുവാദവും വാങ്ങി.


നാലുപേര്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. രാവിലെ 9നും  10 നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ രാജേഷ് ആതിരയ്ക്ക് മിന്നുചാര്‍ത്തുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് വള്ളീച്ചിറ ശാഖാ പ്രസിഡന്റ് ഇഞ്ചാനാല്‍ ഐ.ഡി. സോമനും, രാജേഷിന്റെ സഹോദരി രാജിയും മാത്രം.  വിവാഹ സംബന്ധമായ മറ്റു പൂജകളോ ശാന്തിക്കാരോ ഉണ്ടായിരുന്നില്ല. പ്രസിഡന്റ് സോമന്‍, രാജേഷിന് താലി എടുത്തു നല്‍കി; പ്രാര്‍ത്ഥനാ സമാപന വേളയില്‍ രാജേഷ് ആതിരയ്ക്ക് താലിചാര്‍ത്തി;  ഒപ്പമുണ്ടായിരുന്ന രാജി വിവാഹ ചടങ്ങുകള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി.


കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ലളിതമായ വിവാഹച്ചടങ്ങ്. താലികെട്ടിനു ശേഷം വധൂവരന്മാര്‍ക്കും വരന്റെ  സഹോദരിക്കുമായി ശാഖാ പ്രസിഡന്റ് സദ്യയും വിളമ്പി. വിവാഹ ചടങ്ങുകള്‍ക്കും സദ്യയ്ക്കും ശേഷം വധൂവരന്മാര്‍ തലനാട്ടേയ്ക്ക് തിരിച്ചു.