Latest News
Loading...

ഇളവുകൾ ദുരുപയോഗം ചെയ്യരുത് : മാണി സി കാപ്പൻ


 ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യപ്പെടാൻ ഇടവരരുതെന്ന് മാണി സി കാപ്പൻ എം എൽ എ ജനങ്ങളോട് അഭ്യർത്ഥിച്ചു. പാലായിലോ കോട്ടയത്തോ കൊറോണ റിപ്പോർട്ടു ചെയ്തിട്ടില്ലെങ്കിലും മറ്റിടങ്ങളിൽക്കൂടി കൊറോണ ഇല്ലാതായാൽ മാത്രമേ നാമും സുരക്ഷിതരാകൂ എന്ന് എം എൽ എ ചൂണ്ടിക്കാട്ടി.

സർക്കാർ നിർദ്ദേശങ്ങൾ നൽകുന്നത് പാലിക്കാനാണ്. കൊറോണ മഹാമാരിയ്ക്കെതിരെ ലോകം മുഴുവൻ യുദ്ധത്തിലാണ്. ഇതിൽ നമ്മളും പങ്കാളികളാണെന്ന് മറക്കരുതെന്ന് എം എൽ എ പറഞ്ഞു. 

ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും സ്വയം നിയന്ത്രണം വേണം. ഇല്ലെങ്കിൽ നമുക്ക് തന്നെ ദോഷകരമാകും. ഏതെങ്കിലും വിധത്തിൽ ഇളവ് പ്രഖ്യാപിച്ച സ്ഥലത്ത് കോറോണ റിപ്പോർട്ടു ചെയ്താലുണ്ടാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആളുകൾ ചിന്തിക്കണം. നിയന്ത്രണങ്ങളിലെ ഇളവുകൾ അത്യാവശ്യകാര്യങ്ങൾക്കായി പരിമിതപ്പെടുത്താൻ തയ്യാറാകണം. 


നിയന്ത്രണങ്ങൾ ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് എതിർക്കപ്പെടേണ്ടതല്ല. മറ്റു ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും ജനം ഇപ്പോഴും ലോക്ക്ഡൗണിലാണെതും വിസ്മരിക്കരുത്.

ഇളവുകൾ ദുരുപയോഗം ചെയ്താൽ പിന്നീട് കഷ്ടപ്പെടാൻ ഇടയാകും. കുറച്ചുകാലം സ്വാതന്ത്ര്യത്തിന് സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ ജനം തയ്യാറാവണം. നമുക്കു വേണ്ടി മാത്രമല്ല, മറ്റുള്ളവർക്കു വേണ്ടിക്കൂടിയാവണം നാം ത്യാഗം സഹിക്കേണ്ടത്.

ഇളവുകളുടെ ദുരുപയോഗം വർദ്ധിച്ചാൽ ഇളവുകൾ റദ്ദാക്കപ്പെടുവാനുള്ള സാധ്യതയും ഏറെയാണെന്നു മാണി സി കാപ്പൻ വ്യക്തമാക്കി.