Latest News
Loading...

ഒന്നാം ചരമദിനത്തില്‍ കെഎം മാണിയുടെ കബറിടത്തിങ്കല്‍ ഓര്‍മ്മപ്പൂക്കളര്‍പ്പിച്ച് നേതാക്കള്‍


കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ ഒന്നാം ചരമദിനത്തില്‍ വിവിധ നേതാക്കള്‍ അദ്ദേഹത്തിന്റെ കബറിടത്തിങ്കലെത്തി പ്രാര്‍ത്ഥന നടത്തി. ലോക്ഡൗണ്‍ ആയതിനാല്‍ വിവിധ സമയങ്ങളിലായാണ് ഇവര്‍ കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലെത്തിയത്.

രാവിലെ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ജോസ് കെ മാണി എംപിയും കുടുംബാംഗങ്ങളും കല്ലറയിങ്കലെത്തി പ്രാര്‍ത്ഥന നടത്തി. മാതാവ് കുട്ടിയമ്മ, ഭാര്യ നിഷ ജോസ് കെ മാണി, മക്കള്‍ എന്നിവരും കല്ലറയില്‍ പ്രാര്‍ത്ഥിച്ചു. കെഎം മാണിയുടെ ഓര്‍മയില്‍ വിങ്ങിപ്പൊട്ടി കുട്ടിയമ്മ കണ്ണീരും പുഷ്പങ്ങളും കല്ലറയില്‍ സമര്‍പ്പിച്ചു. പുഷ്പങ്ങള്‍ അര്‍പ്പിച്ച് ഏറെനേരം പ്രാര്‍ത്ഥിച്ചശേഷമാണ് ഇവര്‍ മടങ്ങിയത്.


മാണിയുടെ നിര്യാണത്തോടെ രണ്ടായി പിരിഞ്ഞുവെങ്കിലും ചരമവാര്‍ഷികദിനത്തില്‍ പിജെ ജോസഫും കൂട്ടരും പത്തരയോടെ മാണിയുടെ കല്ലറയിലെത്തി. മോന്‍സ് ജോസഫ്, ജോയി എബ്രാഹം, സജി മഞ്ഞക്കടമ്പില്‍, കുര്യാക്കോസ് പടവന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഡോ.എന്‍ ജയരാജ് എംഎല്‍എയും എത്തിയിരുന്നു.


ഏവര്‍ക്കും സ്വീകാര്യനായ നേതാവായിരുന്നു കെഎം മാണിയെന്ന് പി.ജോ ജോസഫ് അനുസ്മരിച്ചു. എന്തെല്ലാം പ്രശ്‌നമുണ്ടായാലും പാലായും കേരളത്തെയും ഒരുപോലെ കണ്ടുകൊണ്ട് മാണി ഭരണം നടത്തി. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അനിഷേധ്യനായ നേതാവായിരുന്നു. ജോസഫ് ഗ്രൂപ്പുമായി യോജിച്ചതിനുശേഷം ഒരേ മനസോടെയാണ് പ്രവര്‍ത്തിച്ചതെന്നും ജോസഫ് പറഞ്ഞു. എല്ലാ ഘട്ടങ്ങളിലും കൂട്ടായി ആലോചിച്ച ശേഷമാണ് പ്രവര്‍ത്തിച്ചത്. വരുംതലമുറയ്ക്ക് പ്രചോദനമാണ് മാണി. കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിച്ചു. കര്‍ഷകര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കുംവേണ്ടി നടപടികളെടുത്തു. കര്‍ഷകതൊഴിലാളി പെന്‍ഷനും കര്‍ഷകപെന്‍ഷനും ഏര്‍പ്പെടുത്തിയതും താഴേത്തട്ടിലുള്ളവരോട് അദ്ദേഹത്തിനുള്ള കരുതലിന് ഉദാഹരണങ്ങളാണെന്നും ജോസഫ് പറഞ്ഞു.


വിവിധ പാര്‍ട്ടി പ്രവര്‍ത്തകനേതാക്കളും വിവിധ സമയങ്ങളിലായി പ്രയനേതാവിന് ആദരാജ്ഞലികളര്‍പ്പിക്കാന്‍ എത്തിയിരുന്നു. ആളുകള്‍ ഒത്തുകൂടരുതെന്ന നിര്‍ദേശമുള്ളതിനാല്‍ പല സമയങ്ങളിലായാണ് ആലുകള്‍ കല്ലറിയിലെത്തി പുഷ്പങ്ങള്‍ സമര്‍പ്പിച്ചത്.


 കെഎം മാണിയുടെ ചരമദിനം കാരുണ്യദിനമായാണ് പ്രവര്‍ത്തകര്‍ ആചരിച്ചത്. കോവിഡുമായി ബന്ധപ്പെട്ട് ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളിലേയ്ക്ക് വിവിധ മണ്ഡലം കമ്മറ്റികള്‍ സംഭവന നല്‍കി.