Latest News
Loading...

ഗള്‍ഫില്‍ അതിവേഗം പടര്‍ന്ന് കോവിഡ്. ഭീതിയോടെ മലയാളികളും


പ്രവാസി ലോകത്തെ ആശങ്കയിലാക്കി ഗള്‍ഫ് മേഖലയില്‍ കോവിഡ് പടരുന്നു. കുവൈറ്റില്‍ 1,524 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 860 പേര്‍ ഇന്ത്യക്കാരാണ്. ഇവരില്‍ നിരവധി മലയാളികളുമുണ്ട്. 

സൗദി അറേബ്യയിലാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍. 6,380 പേര്‍ക്കാണ് വ്യാഴാഴ്ച വരെ രോഗം ബാധിച്ചത്. 83 പേര്‍ മരിച്ചു. യുഎഇയില്‍ 5,825 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കുവൈറ്റ്, ഖത്തര്‍, ബഹ്‌റിന്‍ എന്നീ രാജ്യങ്ങളിലും രോഗബാധ ഏറുകയാണ്. വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



വ്യാഴാഴ്ച മാത്രം 109 പേര്‍ക്കാണ് ഒമാനില്‍ രോഗം സ്ഥിരീകരിച്ചത് മസ്‌കറ്റ് മേഖലയില്‍ നിന്നാണ് കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ടു ചെയ്യുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാര്‍ ഇവിടെ നിരീക്ഷണത്തിലാണ്.

 21 ലക്ഷത്തിലധികം മലയാളികളാണ് വിവിധ വിദേശരാജ്യങ്ങളിലുള്ളത്. ഇതില്‍ ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളിലാണ്. പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതു സംബന്ധിച്ച് കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിദേശമലയാളികള്‍ കൂട്ടത്തോടെ തിരിച്ചെത്തിയാല്‍ അവരെ സുരക്ഷിതമായി ക്വാറന്റൈനില്‍ പാര്‍പ്പിക്കാനുള്ള പദ്ധതികള്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.