Latest News
Loading...

കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ കെ.എം മാണിക്ക് സ്മരണാഞ്ജലി


കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാനും കേരള രാഷ്ട്രീയത്തിലെ ഇതിഹാസവുമായിരുന്ന കെ.എം മാണിയുടെ വേര്‍പാടിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ഏപ്രില്‍ 9 ന് കേരളത്തിലുടനീളം പാര്‍ട്ടി പ്രവര്‍ത്തകര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ അറിയിച്ചു. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ കോട്ടയത്ത് ലക്ഷം പേര്‍ പങ്കെടുത്ത് നടത്താനിരുന്ന കെ.എം മാണി സ്മൃതി സംഗമവും, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്താനിരുന്ന മറ്റ് അനിസ്മരണ ചടങ്ങുകളും മാറ്റിവെയ്ക്കുന്നതിന് തീരുമാനമെടുത്തിരുന്നു.


ലോക്ക്ഡൗണിനെത്തുടര്‍ന്ന് ജീവിതം വഴിമുട്ടിയ ഏതെങ്കിലുമൊരു കുടുംബത്തിന് ഭക്ഷണമോ, മരുന്നോ നല്‍കുന്ന പ്രവര്‍ത്തനം ഏപ്രില്‍ 9 ന് ഏറ്റെടുക്കണമെന്ന് ചെയര്‍മാന്‍ ജോസ് കെ.മാണി തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം പഞ്ചായത്ത് തലത്തിലെ കമ്മ്യൂണിറ്റി കിച്ചനുകളില്‍ അന്നേദിവസം സാധനങ്ങളോ, സംഭാവനയോ നല്‍കി പ്രവര്‍ത്തകര്‍ സഹകരിക്കും.


കേരള കോണ്‍ഗ്രസ്സ് (എം) നേതൃത്വം നല്‍കുന്ന സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിരാലംബരായ കിടപ്പുരോഗികള്‍ക്ക് 1000 രൂപ വീതം അടിയന്തിര സഹായം നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ 9 ന് പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കുന്ന പ്രാര്‍ത്ഥനയില്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ മാത്രമായിരിക്കും പങ്കെടുക്കുകയെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു