Latest News
Loading...

വൃക്കരോഗിക്ക് ഡയാലിസീസിന് വാഹന സൗകര്യമൊരുക്കി എം.എൽ.എയുടെ ഇടപെടൽ


വർഷങ്ങളായി വൃക്ക തകരാർമൂലം ആഴ്ചയിൽ മൂന്ന് തവണ ഡയാലിസീസ് ചെയ്തുവരുന്ന ഏഴാച്ചേരി പാറയ്ക്കൽ ജയിംസിന് വാഹന സൗകര്യമൊരുക്കുവാൻ എൻ.സി.പി.രാമപുരം മണ്ഡലം കമ്മിറ്റിയ്ക്ക് നിർദ്ദേശം നൽകി മാണി സി. കാപ്പൻ എം.എൽ.എയുടെ ഇടപെടൽ. 

സാമ്പത്തിക ശേഷി തീരെ കുറവായ ജയിംസ് സർവ്വീസ് ബസ്സിലായിരുന്നു ഇത്രയും നാൾ ഡയാലിസീസിനായി ഈരാറ്റുപേട്ടയിലെ തണൽ ഡയാലിസീസ് സെന്ററിൽ പൊയ്ക്കൊണ്ടിരുന്നത്. കൊവിഡ് - 19 മഹാമാരിയിൽ ഇന്ത്യയൊട്ടാകെ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ഡയാലിസീസ്‌ ചെയ്യുവാൻ വാഹന സൗകര്യം ഇല്ലാതെയായി. 

സന്നദ്ധ പ്രവർത്തകയും രാമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സെക്കണ്ടറി പാലിയേറ്റീവ് കെയർ യൂണിറ്റിലെ ഹെഡ് നേഴ്സുമായ സിന്ധു പി.നാരായണൻ എൻ.സി.പി. മണ്ഡലം പ്രസിഡന്റായ എം.ആർ.രാജുവിനെ അറിയിച്ചതിനെത്തുടർന്ന് രാജു ഇക്കാര്യം മാണി സി.കാപ്പന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു


രണ്ട് വർഷം മുമ്പാണ് ജയിംസിന് വൃക്കരോഗം പിടിപെട്ടത്‌. വീടുൾപ്പെടെ ആകെയുള്ള പത്ത് സെന്റ് സ്ഥലത്തിന് സഹോദരങ്ങളടക്കം അഞ്ച് അവകാശികളുണ്ട്. ടാറിംഗ് റോഡിൽ നിന്നും വീട്ടിലേയ്ക്ക് നൂറ്റി അൻപത് മീറ്ററോളം നടപ്പുവഴി മാത്രമാണുള്ളത്. മറ്റു മാർഗ്ഗമില്ലാത്തതിനാൽ ആശുപത്രിയിലേയ്ക്കും ഡയാലിസീസ് സെന്ററിലേയ്ക്കും ജയിംസിനെ ഈ നടപ്പു വഴിയിലൂടെ രണ്ടുപേർ ചേർന്ന് എടുത്തുകൊണ്ടാണ് ടാറിംഗ് റോഡിലെത്തിക്കുന്നത്.

ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് ജയിംസിന്റെ കുടുംബം. ആകെയുള്ള വരുമാന മാർഗ്ഗം ഭാര്യയുടെ പോസ്റ്റോഫീസിലെ ചെറിയൊരു ജോലി മാത്രമാണ്. ജയിംസിന്റെ ചികിത്സയും വീട്ടു ചിലവും കുട്ടികളുടെ പഠന കാര്യങ്ങളും നടക്കുവാൻ നന്നേ പാടുപെടുകയാണിപ്പോൾ. ഈ കുടുംബം ഇപ്പോൾ അയൽക്കാരുടെ സഹായത്താലാണ് ഇതുവരെയും ചികിത്സയും മറ്റും നടത്തി വന്നിരുന്നത്. 


ജയിംസിന്റെ വീട്ടിലെത്തി എം.എൽ.എ.ഓഫീസ് സെക്രട്ടറി എം.പി.കൃഷ്ണൻ നായർ, സെക്കണ്ടറി  പാലിയേറ്റീവ് കെയർ യൂണിറ്റിലെ ഹെഡ് നേഴ്സ് സിന്ധു പി.നാരായണൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എൻ.സി.പി. മണ്ഡലം പ്രസിഡന്റ് എം.ആർ.രാജു ഒരാഴ്ച മൂന്ന് തവണ ഡയാലിസീസ് ചെയ്തുമടങ്ങാനുള്ള വാഹനത്തിന്റെ തുക കൈമാറി.