രാമപുരം: നിര്‍ദ്ധനയായ ഡയബെറ്റിക് രോഗിയായ വീട്ടമ്മയ്ക്ക് ആഴത്തിലുള്ള മുറിവ് ചികിത്സയ്ക്കുള്ള മരുന്നിനായി എന്‍.സി.പി.രാമപുരം മണ്ഡലം കമ്മിറ്റിയുടെ കൈത്താങ്ങ്. രാമപുരം വളക്കാട്ടുകുന്നേല്‍ ശാന്ത രതീഷിനാണ് മാണി സി.കാപ്പന്‍ എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരം മരുന്നിനായി സഹായം നല്‍കിയത്.
ദിവസവും രണ്ട് നേരം രാമപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പോയി ഇഞ്ചക്ഷന്‍ എടുത്ത് ഡ്രസ്സിംഗും നടത്തി പോരണം. ഓട്ടോ വിളിച്ച് പോയി വരാനും ആശുപത്രിയില്‍ ഇല്ലാത്ത മരുന്ന് വെളിയില്‍ നിന്ന് വാങ്ങുവാനും മാര്‍ഗ്ഗമില്ലാതായപ്പോള്‍ ഇക്കാര്യം ശാന്ത രതീഷ് തന്നെ എം.എല്‍.എ. മാണി സി.കാപ്പന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
ശാന്ത പതിനെട്ട് വര്‍ഷക്കാലം രാമപുരം പഞ്ചായത്തില്‍ പ്രേരക് ആയി ജോലി നോക്കിയിരുന്നു. സ്ഥിര ജോലിയല്ലാത്തതിനാല്‍ പിന്നീട് ജോലി നഷ്ടമായി. ശാന്തയും അമ്മയും ഭര്‍ത്താവായ രതീഷും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. കൂലിവേല ചെയ്തിരുന്ന രതീഷിപ്പോള്‍ ലോക് ഡൗണ്‍ പ്രഖ്യാപനത്തോടെ ആരും ജോലിക്ക് വിളിയ്ക്കാതെയുമായി.
എം.പി.കൃഷ്ണന്‍ നായര്‍, എം.ആര്‍.രാജു, ജയിംസ് ചാലില്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മാത്തുക്കുട്ടി തെങ്ങുംപിള്ളില്‍ ശാന്ത രതീഷിന് സഹായത്തുക കൈമാറി.