Latest News
Loading...

ക്യാന്‍സര്‍ രോഗിക്ക് ആശ്വാസമരുന്നുമായി പാലാ ഫയര്‍ ഫോഴ്‌സ്


നാലു വര്‍ഷമായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന മുത്തോലി വെള്ളിയെപ്പള്ളില്‍ കണ്ണാശാകുന്നേല്‍ സുനിമോനു ക്യാന്‍സറിനുള്ള മരുന്നുമായി പാലാ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനായിരുന്നു സുനി. ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിഞ്ഞു. ഇപ്പോള്‍  കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.


ക്യാന്‍സര്‍ രോഗത്തിന് ദിവസവും കഴിക്കേണ്ട മരുന്ന് തീര്‍ന്നു പോയതിനാല്‍ പാലാ, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ മരുന്ന് അന്വേഷിച്ചെങ്കിലും കിട്ടിയിരുന്നില്ല. ഇതുമൂലം വിഷമത്തിലായ സുനിയുടെ ഭാര്യ സഹോദരന്‍ ആല്‍മജന്‍ സിപിഐ നേതാവ് പി.കെ ഷാജന്‍ മുഖാന്തിരം പാലാ ഫയര്‍ ഫോഴ്‌സുമായി ബന്ധപ്പെടുകയും അവര്‍ ഉടന്‍തന്നെ മരുന്നിന്റെ ലഭ്യത അന്വേഷിക്കുകയും തിരുവനന്തപുരത്ത് കാരുണ്യയില്‍ മരുന്ന് ഉണ്ടെന്നറിഞ്ഞു ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അവിടെ നിന്നും മരുന്ന് ശേഖരിച്ചു സുനിയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു. മരുന്ന് ലഭിച്ചത് ഈ കുടുംബത്തിന് വലിയ ആശ്വസമായി.


പാലാ ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ക്യാന്‍സറിനുള്ള മരുന്ന് രോഗിയായ സുനിയുടെ ഭാര്യ അംബികക്ക് സ്‌റ്റേഷന്‍ ഓഫീസര്‍ കെ ആര്‍ ഷാജി  കൈമാറി. സഹോദരന്‍ ആല്‍മജന്‍, ഫയര്‍ഫോഴ്‌സ് ഓഫിസര്‍മാരായ റെജിമോന്‍, മുഹമ്മദ് ഷാജി, സിപിഐ നേതാവ് പി കെ ഷാജകുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.