Latest News
Loading...

സഹകരണ ബാങ്കുകള്‍ പലിശരഹിത വായ്പ അനുവദിക്കണമെന്ന് ജോസ് കെ.മാണി


കോട്ടയം:  ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാരുടെ ജീവിതത്തിലുണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളും സഹകരണസംഘങ്ങളിലെ അംഗങ്ങള്‍ക്ക്‌ കുറഞ്ഞത്‌  25000 രൂപയുടെ പലിശ രഹിത വായ്പ അനുവദിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി ആവശ്യപ്പെട്ടു.

സഹകരണ ബാങ്കുകളിലെ  അംഗങ്ങളില്‍ ഭൂരിഭാഗവും  സാധാരണക്കാരായ കർഷകരും ചെറുകിട വ്യാപാരികളും അടങ്ങുന്ന വിഭാഗമാണ്‌.  ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തുച്ഛമാണെങ്കിലും അവർക്ക് ക്യത്യമായി ലഭിച്ചിരുന്ന വരുമാനം ഇല്ലാതായി. കാർഷികോത്പന്നങ്ങൾ വിൽക്കാൻ മാർഗ്ഗമില്ലാതായി.  നിത്യ ജീവിതം തള്ളി നീക്കാനാവാത്ത പ്രതിസന്ധിയിലാണ് കർഷകർ. ചെറുകിട വ്യാപാരികളുടെയും കച്ചവടക്കാരുടെയും സ്ഥിതിയും വിഭിന്നമല്ല. ലോക്ക് ഡൗൺ അവരുടെ വരുമാന മാർഗ്ഗം പൂർണമായും ഇല്ലാതാക്കി. പല സഹകരണ ബാങ്കുകളുടേയും ഭരണസമിതി അംഗങ്ങളുമായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ഭൂരിഭാഗവും ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചത്.സഹകരണ പ്രസ്ഥാനത്തിന്റെ സാനിധ്യം ഇല്ലാത്ത ഒരു ഗ്രാമംപോലും കേരളത്തിലില്ല. അത്തരമൊരു ബൃഹത്തായ ഒരു ശൃംഖലയാണ് സഹകരണ പ്രസ്ഥാനങ്ങള്‍ക്കുള്ളത്.

 പലിശരഹിത വായ്പയുടെ തിരിച്ചടവിന് മൂന്ന് മാസത്തെയെങ്കിലും സാവകാശം  അനുവദിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.