Latest News
Loading...

കമ്മ്യൂണിറ്റി കിച്ചണില്‍ പാലാ രൂപതാ ബിഷപ്പ് സന്ദര്‍ശനം നടത്തി



പാലാ നഗരസഭ അങ്കണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സമൂഹ അടുക്കളയില്‍ പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദര്‍ശനം നടത്തി. അടുക്കളയുടെ പ്രവര്‍ത്തനം കണ്ടറിഞ്ഞ ബിഷപ്, തുടര്‍ സഹായം വാഗ്ദാനം ചെയ്തതിനൊപ്പം, നഗരസഭാ നേതൃത്വത്തെ അഭിനന്ദിച്ചു.

സാധാരണക്കാര്‍ക്കുവേണ്ടി സഹായങ്ങളെത്തിക്കാന്‍ നഗരസഭ എന്നും പരിശ്രമിക്കാറുണ്ടെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.  ചെയര്‍പേഴ്‌സന്റെ പ്രവര്‍ത്തനങ്ങളെയും ബിഷപ് ശ്ലാഘിച്ചു. സൗമ്യതയോടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കുവേണ്ടിയും ഇടപെടാനും ഉചിതമായ സമയത്ത് തീരുമാനെടുക്കാനും സാധിക്കുന്നുണ്ട്. സമൂഹ അടുക്കളയുടെ പ്രവര്‍ത്തനവും അതിന്റെ തെളിവാണ്. ബിഷപ് പറഞ്ഞു


അടുക്കളയിലേയ്ക്ക് സാധനങ്ങള്‍ക്കായി നഗരസഭയ്ക്ക് ആരെയും സമീപിക്കാം. നഗരസഭയ്ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ ബിഷ്പ്‌സ് ഹൗസ് തയാറാണ്. നഗരസഭ പുലര്‍ത്തുന്ന മൂല്യബോധം ജനങ്ങള്‍ക്ക് വ്യക്തമായിട്ടുണ്ട്. പാചകം ചെയ്യുന്നവരും വലിയ സന്തോഷമാണ് പകരുന്നത്. ഇതൊക്കെ വലിയ പാഠമാണ്. സാമൂഹ്യസേവനത്തിന്റെ പാഠം ഇവിടെനിന്നും ലഭിക്കുമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.


നേരത്തെ അടുക്കളയിലേയ്ക്ക് ബിഷപ്‌സ് ഹൗസ് സഹായം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ബിഷപ്പിന്റെ നേതൃത്വത്തില്‍ ആശുപത്രി ജംഗ്ഷനില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെയും സന്ദര്‍ശിച്ചിരുന്നു. നഗരസഭാ സെക്രട്ടറി, കൗണ്‍സിലര്‍മാരായ ബിനു പുളിക്കക്കണ്ടം, ജോബി, ബിജു പാലൂപ്പടവില്‍, ടോമി തറക്കുന്നേല്‍, ജിജി ജോണി തുടങ്ങിയവരും എത്തിയിരുന്നു.