വിശ്വാസ സഹസ്രങ്ങള്‍ ഒഴുകിയെത്തിയിരുന്ന അരുവിത്തുറ തിരുനാളിന് ഇന്ന് ആരോരുമില്ലാതെ കൊടിയേറ്റ്. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി വിശ്വാസികളെ പങ്കെടുപ്പിക്കാതെയാണ് ഇത്തവണ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍. എല്ലാം ഓര്‍മകളില്‍ ചികയുകയാണ് വിശ്വാസികളും മധ്യകേരളവും.
തിരുനാളിന് മുന്നോടിയായുള്ള നൊവേനയ്ക്ക് നേരത്തെ തുടക്കമായിരുന്നു. ഇന്ന് വൈകിട്ട് ആറിനാണ് കൊടിയേറ്റ്. ഏപ്രില്‍ 22 23 തീയതികള്‍ അരുവിത്തുറ തിരുനാളുമായി ബന്ധപ്പെട്ടാണ് മീനച്ചില്‍ താലൂക്കിലടക്കം സ്മരിക്കപ്പെടുക. ഒരു രോഗം കൊണ്ടുവന്ന ലോക്ഡൗണ്‍ മേഖലയിലെ വലിയൊരു ആഘോഷത്തിനും തിരിച്ചടിയായി.
24 വെള്ളിയാഴ്ചയാണ് പ്രധാന തിരുനാള്‍. രാവിലെ 10ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കുര്‍ബാനയര്‍പ്പിക്കും. കുരിശടി ചുറ്റിയുള്ള പ്രദിക്ഷണടക്കം ഇത്തവണ ഒഴിവാക്കപ്പെട്ടതോടെ പള്ളിക്കുള്ളില്‍ മാത്രമായി ചടങ്ങുകള്‍ ഒതുങ്ങി. വിവിധ സമയങ്ങളിലുള്ള വിശുദ്ധ കുര്‍ബാന മാത്രമാണ് ഇത്തവണയുള്ളത്. ചടങ്ങുകള്‍ യൂട്യൂബില്‍ സംപ്രേക്ഷണം ചെയ്യും. മെയ് 1ന് എട്ടാമിടത്തോടെ തിരുനാളിന് സമാപനമാകും.
നാടിന് ഒന്നാകെ ആവേശമായിരുന്നു അരുവിത്തുറ തിരുനാള്‍. നഗരം ദീപാലങ്കാരംകൊണ്ട് നിറയുകയും വഴിയോരങ്ങളില്‍ വ്യാപാരശാലകള്‍ ഉയരുകയും ചെയ്യും. വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച വരുമാനം ലഭിച്ചിരുന്ന കാലം കൂടിയായിരുന്നു ഓരോ തിരുനാള്‍ സീസണും. അതെല്ലാം കോവിഡ് കൊണ്ടുപോയതിന്റെ നിസ്സഹായതയിലാണ് വ്യാപാരികളും.