ഈരാറ്റുപേട്ടയില്‍ പോലീസ് വാഹനം കണ്ട് നിര്‍ത്താതെ പോകാന്‍ ശ്രമിച്ച യുവാവ് അപകടത്തില്‍പ്പെട്ടു. ഈരാറ്റുപേട്ട നടയ്ക്കലില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മാഹിന്‍ എന്ന യുവാവിനാണ് പരിക്കേറ്റത്.
ലോക്ഡൗണിന്റെ ഭാഗമായി പോലീസ് പരിശോധനയ്ക്കിടെയായിരുന്നു സംഭവം. പോലീസ് ജീപ്പ് വരുന്നതുകണ്ട് ബൈക്ക് വെട്ടിച്ചുമാറ്റാണ് മാഹിന്‍ ആദ്യം ശ്രമിച്ചത്. ഇതോടെ ജീപ്പ് റോഡിന് കുറുകെ നിര്‍ത്തി പോലീസ് ഉദ്യോഗസ്ഥന്‍ ഇറങ്ങിവരുമ്പോഴേയ്ക്കും ബൈക്ക് ജീപ്പിനെ കടന്നുപോയിരുന്നു.
ജിപ്പിന്റെ പിന്നില്‍ നിന്നും ഇറങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ തടയാന്‍ ശ്രമിക്കവെ എതിരെവന്ന സ്‌കൂട്ടറില്‍ ഇടിയ്ക്കാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ വാഹനം മറിയുകയായിരുന്നു.
ബൈക്ക് വീശിയെടുക്കുന്നതിനിടെ റോഡ് സൈഡിലേയ്ക്ക് മാഹിന്‍ തെറിച്ചുവീണു. പോലീസ് ജിപ്പില് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കാര്യമായ പരിക്കുകളില്ല. വാഹനത്തിന് രേഖകളില്ലാതിരുന്നതിനാലാണ് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചതിന് പിന്നിലെന്നാണ് വിവരം. വാഹനം പോലീസ് സ്‌റ്റേഷനിലേയ്ക്ക് മാറ്റി.
ജീപ്പില്‍ നിന്നും ഇറങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ അടിയ്ക്കാന്‍ ശ്രമിച്ചതിനാലാണ് വീണതെന്നും ആക്ഷേപമുണ്ട്.