Latest News
Loading...

പാലായില്‍ അഭയം കിസ്‌കോ സാമൂഹ്യ അടുക്കള തുറന്നു


ലോക്കൗട്ടില്‍ നാട് നിശ്ചലമായതോടെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ വിഭാഗമാളുകള്‍ക്കും ഭക്ഷണം എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്ത് അഭയം ചാരിറ്റബിള്‍ ട്രസ്റ്റ് സാമൂഹ്യ അടുക്കകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതത് പ്രദേശങ്ങളിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളുമായി സഹകരിച്ചാണ് ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പാലായില്‍ കിഴതടിയൂര്‍ സഹകരണ ബാങ്കുമായി (കിസ്‌കോ) സഹകരിച്ച് അഭയം നടപ്പാക്കുന്ന സാമൂഹ്യ അടുക്കള ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്ത് ചെയര്‍മാന്‍ വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.


കോവിഡ് ബാധയെ തുടര്‍ന്ന് ജില്ലയില്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത സ്വാന്തന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് വി എന്‍ വാസവന്‍ പറഞ്ഞു. ജില്ലയിലെമ്പാടുമായി ഇതിനകം ഒരു ലക്ഷത്തോളം തൂവാലകള്‍ വിതരണം ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉള്‍പ്പെടെ  ഉച്ചഭക്ഷണവും നല്‍കുന്നുണ്ട്. കൂടാതെ നൂറുകണക്കിന് മാസ്‌ക്കുകള്‍, സാനിട്ടയ്‌സറുകള്‍ എന്നിവയും ജില്ലയിലെമ്പാടും വിതരണം നടത്തി. ജില്ലയിലെ 29ാമത്തെ ഭക്ഷണ വിതരണ കേന്ദ്രമാണ് പാലായില്‍ തുറന്നത്. പാലാ ജനറല്‍ ആശുപത്രി ജീവനക്കാര്‍ക്കുള്ള അഭയം മാസ്‌കുകളും വാസവന്‍ കൈമാറി.


കൊട്ടാരമറ്റത്തുള്ള കര്‍ഷക മാര്‍ക്കറ്റിലെ കെട്ടിടത്തിലാണ് അഭയം കിസ്‌കോ സാമൂഹ്യ അടുക്കള  പ്രവര്‍ത്തിക്കുന്നത്. പാലാ ജനറല്‍ ആശുപത്രി, സര്‍കാര്‍ ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, വീടുകളില്‍ കഴിയുന്ന കിടപ്പു രോഗികള്‍, മറ്റ് നിര്‍ധന കുടുംബങ്ങള്‍ എന്നിവര്‍ക്കുള്‍പ്പെടെ ഇരുനൂറ്റമ്പതോളം പേര്‍ക്കാണ് ഭക്ഷണം എത്തിച്ച് നല്‍കുന്നത്. ഉച്ചയ്ക്ക് ഊണും വൈകിട്ട് ചപ്പാത്തിയും നല്‍കാനാണ് തീരുമാനം. വരും ദിവസങ്ങളില്‍ പ്രഭാതഭക്ഷണം ഉള്‍പ്പെടെ തയ്യാറാക്കി അഭയം പ്രവര്‍ത്തകര്‍ ആശുപത്രികളിലും വീടുകളിലും എത്തിച്ച്  കൊടുക്കും. എം ജി വിജയന്‍ നായരുടെ നേതൃത്വത്തില്‍ വനിതാ കണ്‍സിലര്‍മാരുള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ് ഭക്ഷണം തയ്യാറാക്കുന്നത്.


കൂടാതെ ആശുപത്രി ജംങ്ഷനിലെ വിശ്രാം സങ്കേത് കേന്ദ്രീകരിച്ച്   ഭക്ഷണം ആവശ്യമുള്ള മറ്റാളുകള്‍ക്കും വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാണി സി കാപ്പന്‍ എം എല്‍ എ,  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി ജെ ജോസഫ്, ലാലിച്ചന്‍ ജോര്‍ജ്, കിസ്‌കോ ബാങ്ക് ജോര്‍ജ് സി കാപ്പന്‍, അഭയം ജില്ലാ ട്രഷറര്‍ ആര്‍ ടി മധുസൂദനന്‍, ഏരിയാ ചെയര്‍മാന്‍ പി എം ജോസഫ്, കണ്‍വീനര്‍ ജോയി കുഴിപ്പാല, നഗരസഭാ വൈസ് ചെയര്‍മാന്‍  കുര്യാക്കോസ് പടവന്‍, സ്റ്റാറ്റിംങ് കമ്മിറ്റി ചെയര്‍മാന്‍  അഡ്വ. ബിനു പുളിക്കക്കണ്ടം, പ്രതിപക്ഷ നേതാവ് റോയി ഫ്രാന്‍സിസ്, ടി ആര്‍ വേണുഗോപാല്‍, കെ എസ് രാജു, ഷാര്‍ളി മാത്യു, എ എസ് ജയപ്രകാശ്, കിസ്‌കോ ബാങ്ക് വൈസ് പ്രസിഡന്റ് എം എസ് ശശിധരന്‍, ഭരണ സമിതിയംഗം അഡ്വ. വി ടി തോമസ് എന്നിവരും  പങ്കെടുത്തു.