Latest News
Loading...

ഇതു താനടാ കേരളാ പോലീസ്; പോലീസിന്റെ മാനുഷിക മുഖവുമായി എസിപി കെ ലാല്‍ജി


ഞാന്‍ ഉള്‍പ്പെടെ പലപ്പോഴും പോലീസിന്റെ നടപടികളെ നിരന്തരം വിമര്‍ശന വിധേയമാക്കാറുണ്ട്. അവയൊക്കെ തന്നെയും നല്ല ലക്ഷ്യത്തോടെ തന്നെയാണ്. ഈ വിമര്‍ശനങ്ങള്‍ ചിലപ്പോഴെങ്കിലും പോലീസിനെ അലോസരപ്പെടുത്താറുണ്ട്.എങ്കിലും എന്റെ സുഹൃത്തുക്കളായ പോലീസ് ഉദ്യോഗസ്ഥര്‍ ചിലപ്പോള്‍ ഇത്തരം വിമര്‍ശനങ്ങളെ പരിഭവത്തോടെ അതു വേണ്ടിയിരുന്നോ എന്നുപോലും ചോദിക്കാറുണ്ട്. ചിലപ്പോള്‍ വിമര്‍ശനങ്ങളെ അഭിനന്ദിക്കാറുമുണ്ട്.

ഇപ്പോള്‍ കൊറോണയെ ചെറുക്കാന്‍ രാജ്യം 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നമ്മുടെ പോലീസ് (ആരോഗ്യ പ്രവര്‍ത്തകരെ മറന്നിട്ടില്ല) സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി, കാര്യമായ സുരക്ഷാ ഉപകരങ്ങള്‍ പോലുമില്ലാത്തെ (ലഭ്യതയില്ലാത്തതിനാലാകാം) രാപകല്‍ കര്‍മ്മരംഗത്താണ്.


അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം ലംഘിച്ചു കൂട്ടമായി പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കുന്നതിനോടൊപ്പം നിരവധി കാര്യങ്ങള്‍ ചെയ്തു വരുകയാണ്. ഇപ്പോള്‍ പോലീസ് സ്വീകരിക്കുന്ന കര്‍ക്കശ നിലപാട് നമുക്കുവേണ്ടിയാണ് നമ്മുടെ നാടിനു വേണ്ടിയാണ്.

സമയമോ രാത്രിയോ പകലോ നോക്കാതെ വിശ്രമമില്ലാതെ പ്രവര്‍ത്തന രംഗത്താണ് നമ്മുടെ പോലീസ്. പോലീസിനെ Polite Obedient Loyal Intelligent Courageous Efficient  എന്ന് നമുക്ക് നിര്‍വ്വചിക്കാം. എപ്പോഴും എല്ലാക്കാര്യങ്ങളിലും അങ്ങനെ അനുഭവപ്പെടാറില്ല. അതിനു കാരണം ചിലപ്പോള്‍ നമ്മളില്‍ ചിലരോ പോലീസില്‍ ചിലരോ ആകാം.

പക്ഷേ, നമ്മുടെ രാജ്യം മാത്രമല്ല, ലോകം മുഴുവന്‍ അസാധാരണമായ വിധം അതിജീവനത്തിനുള്ള മാത്രം തേടുകയാണ്. കൊറോണയ്‌ക്കെതിരെ മരുന്നുകളോ വാക്‌സിനോ ഇല്ലാത്ത പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും അവനവനിലേയ്ക്കു മാത്രം ചുരുങ്ങുമ്പോള്‍ പോലീസ്(ആരോഗ്യ പ്രവര്‍ത്തകരും) കര്‍മ്മഭൂമിയിലാണ്.


നമ്മള്‍ വീടുകളിലായിരിക്കുമ്പോള്‍, വീടുകളില്ലാത്തവര്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടുമ്പോള്‍അവരുടെ വിശപ്പിന് നേരിയ ശമനമുണ്ടാക്കാന്‍ സ്വന്തം കര്‍ത്തവ്യത്തിനിടയും എളിയ ശ്രമം നടത്തുന്ന,അതിരുകളില്ലാത്ത കരുണയുടെ, സ്‌നേഹത്തിന്റെ, മനുഷ്യത്വത്തിന്റെ, കേരളാ പോലീസിന്റെ മാനുഷിക മുഖമായി മാറുകയാണ് കൊച്ചി എസിപി കെ ലാല്‍ജി.

കൊച്ചിയില്‍ ഒട്ടേറെ നന്മ പ്രവര്‍ത്തികള്‍ നടത്തുന്ന പോലീസിന്റെ ജനകീയ മുഖങ്ങളില്‍ ഒന്നായ ശ്രീ. ലാല്‍ജിയെ പോലുള്ളവരുടെ നന്മകള്‍ അറിയാതെ പോകരുത്. എസ് ഐ ആയിരുന്നപ്പോള്‍ മുതല്‍ ജനങ്ങളുമായി നിരന്തരമുണ്ടായിരുന്ന സമ്പര്‍ക്കം അദ്ദേഹത്തിന് കൈമുതലയുണ്ട്. ഈ നന്മ വറ്റാതിരിക്കട്ടെ. അദ്ദേഹം തെളിയ്ക്കുന്ന ഈ ചെറുവെട്ടം കേരളാ പോലീസിന്റെ നന്മയുടെ, കരുതലിന്റെ മുഖമാണ്.

അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും നന്മകള്‍ ഇനിയും ചെയ്യാന്‍ കഴിയട്ടെ.ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

ഹൃദയത്തില്‍ നിന്നും ലാജി സാറിനും കേരളാ പോലീസിനും ഒരു ബിഗ് സല്യൂട്ട്.


ലേഖകന്‍ - എബി ജെ ജോസ് (ചെയര്‍മാന്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍)