Latest News
Loading...

കുന്നപ്പിള്ളിയില്‍ പാറമട ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം


രാമപുരം പഞ്ചായത്തിലെ മുല്ലമറ്റം, മരങ്ങാട്ട് വാര്‍ഡുകളിലായി സ്ഥിതി ചെയ്യുന്ന കുന്നപ്പിള്ളി മലനിരകളുടെ സംരക്ഷണത്തിനായുള്ള ജനകീയ കൂട്ടായ്മയില്‍ പാറമടയ്ക്കു എതിരെ പ്രതിഷേധം ഇരമ്പി. കുന്നപ്പിള്ളി ടോപ്പ് ജംഗ്ഷനില്‍ നടന്ന പ്രതിഷേധം റിട്ട.പ്രഫ. ഡോ.ജോസ് കരിപ്പാക്കുടി ഉദ്ഘാടനം ചെയ്തു.

പാറമട ലോബി മലനിരകളില്‍ ചില സ്ഥലങ്ങള്‍ കൈവശപ്പെടുത്തി വന്‍കിട പാറമടയും ക്രഷര്‍ യൂണിറ്റും ആരംഭിക്കാനുള്ള ശ്രമങ്ങളെ തുടര്‍ന്നാണ് മല സംരക്ഷണത്തിനായി കുന്നപ്പിള്ളി, മുല്ലമറ്റം, പിഴക് മരങ്ങാട് നിവാസികള്‍ ഒത്തു ചേര്‍ന്നത്. പ്രകൃതി രമണീയവും പരിസ്ഥിതി പ്രാധാന്യവും ഉള്ള മലയുടെ സംരക്ഷണം ഉറപ്പാക്കാനായി കര്‍മ പദ്ധതിക്കു ജനകീയ കൂട്ടായ്മ ആരംഭം കുറിച്ചു.


പാലാ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള ടൂറിസ്റ്റ് മാപ്പില്‍ കുന്നപ്പിള്ളി മല, പുലിയനാട്ടു മല എന്നിവ ഉള്‍പ്പെടുത്തുന്ന നിവേദനത്തിന്റെ ഒപ്പു ശേഖരണം നടത്തിവരികയാണ്. പാറമട ലോബി കൈവശപ്പെടുത്തിയ മലനിരകള്‍ക്ക് സമീപമുള്ള ഏക്കറ് കണക്കിന് റവന്യൂ ഭൂമി തട്ടിയെടുക്കുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പൂര്‍വ ഇനം പക്ഷികളുടെ ആവാസ കേന്ദ്രമായ മലനിരകള്‍ സംരക്ഷിക്കുന്നതിനു വേണ്ടി ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുന്നതിനുള്ള തീരുമാനത്തില്‍ ആണ് നാട്ടുകാര്‍.

സജി മിറ്റത്താനി, ബേബി പന്തപ്പിള്ളില്‍, സിബി കുന്നേല്‍, ബിജു കണംകൊമ്പില്‍, സാജന്‍ ചിറയില്‍, ലിന്റാ മനോജ് വാണിയപ്പുരയ്ക്കല്‍, ബിജു കുന്നേല്‍, തങ്കച്ചന്‍ മങ്കൊമ്പില്‍, വിനോദ് വെട്ടിക്കുഴിച്ചാലില്‍, തങ്കച്ചന്‍ മാണിവയലില്‍, ബിജു താഴത്തുമലയില്‍, മറിയക്കുട്ടി പുലിയനാട്ട്, മേരി തുടങ്ങിയവര്‍ സംബന്ധിച്ചു.