Latest News
Loading...

കര്‍ഫ്യൂ തുടരുമെന്ന് ആശങ്ക; മുന്നറിയിപ്പ് അവഗണിച്ച് ജനം തെരുവിലേയ്ക്ക്


കോവിഡ് ബാധിതരെ കണ്ടെത്തിയ ജില്ലകള്‍ അടച്ചിടുമെന്ന ഭീതിയെ തുടര്‍ന്ന് സാധനങ്ങള്‍ വാങ്ങാന്‍
നഗരങ്ങളില്‍ വന്‍തിരക്ക്. ഈരാറ്റുപേട്ടയിലും പാലായിലും അടക്കം ആളുകള്‍ കൂട്ടത്തോടെ നഗരങ്ങളിലിറങ്ങി. 5 പേരില്‍ കൂടുതല്‍ ഒത്തുചേരരുതെന്ന മുന്നറിയിപ്പ് നിലനില്ക്കുമ്പോഴും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അടക്കം വന്‍ജനത്തിരക്കാണ്.


പാലായില്‍ വന്‍തിരക്കാണ് കടകളില്‍. ഇന്നലെ ജനതാ കര്‍ഫ്യൂവിന് ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ നഗരത്തിലേയ്‌ക്കെത്തി. പൊതുഗതാഗത സംവിധാനം ഉപേക്ഷിച്ച് ഭൂരിഭാഗം പേരും സ്വന്തം വാഹനത്തിലാണ് നഗരത്തിലേയ്‌ക്കെത്തിയത്. ഇതോടെ നഗരത്തില്‍ ഗതാഗതക്കുരുക്കും ഉണ്ടായി.


മലയോരമേഖലയില്‍നിന്നും നിരവധിയാളുകളാണ് ഈരാറ്റുപേട്ടയിലേയ്‌ക്കെത്തിയത്. പൊതുവേ തിരക്കേറിയ നഗരത്തില്‍ ഇതോടെ തിരക്കുവര്‍ധിച്ചു. കര്‍ഫ്യൂ ദീര്‍ഘിപ്പിക്കുന്ന പക്ഷം സാധനങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുമ്പോഴും ആശങ്കമൂലം ആളുകള്‍ നഗരത്തിലേയ്‌ക്കെത്തുകയാണ്.


താലൂക്ക് പരിധിയില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആളുകള്‍ നിര്‍ദേശം മറികടന്ന് ഒത്തുചേരുന്നത് ആരോഗ്യ അപകടാവസ്ഥ സൃഷ്ടിച്ചേയ്ക്കുമെന്ന ആശങ്ക ഉയരുകയാണ്.