പാലാ: കൊറോണ കാലത്ത് മുതിർന്ന പൗരന്മാരോടുള്ള പാലാ പോലീസിൻ്റെ കരുതൽ മാതൃകയായി. പോലീസ് നടപടിക്കു സോഷ്യൽ മീഡിയായുടെയും ജനത്തിൻ്റെയും ഹൃദയത്തിൽ നിന്നും കൈയ്യടി.
പാലായിൽ ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അത്യാവശ്യത്തിന് ബാങ്കിൽ നിക്ഷേപിച്ച പണം എടുക്കുന്നതിനായി ടാക്സി വിളിക്കാൻ പോലീസ് അനുമതി ലഭ്യമാക്കണമെന്നാവശ്യവുമായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിനെ വിളിച്ചു. ഇക്കാര്യം പാലായിലെ എസ് ഐ ഷാജി സെബാസ്റ്റ്യനെ എബി അറിയിച്ചു. ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് കൂടുതൽ കരുതൽ ആവശ്യമാണെന്നു മനസിലാക്കിയ ഷാജി സെബാസ്റ്റ്യൻ ഇക്കാര്യം പോലീസ് ചെയ്തു കൊള്ളാമെന്ന് എബിയെ അറിയിച്ചു.
തുടർന്ന് പാലാ ഡി വൈ എസ് പി ഷാജിമോൻ ജോസഫ്, സി ഐ സുരേഷ് വി എ എന്നിവരുടെ നിർദ്ദേശാനുസരണം സ്വന്തം വാഹനത്തിൽ മുതിർന്ന പൗരൻ്റെ വീട്ടിലെത്തി ചെക്ക് വാങ്ങി ബാങ്കിൽ നിന്നും പണമെടുത്ത് വീട്ടിലെത്തിച്ചു നൽകുകയായിരുന്നു.
ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള കരുതലിൻ്റെ ഭാഗമായിട്ടാണ് പാലാ പോലീസ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് പാലാ ഡി വൈ എസ് പി ഷാജിമോൻ ജോസഫ് പറഞ്ഞു.
മാതൃകാപരമായ നടപടികളിലൂടെ മാനുഷിക നടപടികൾ സ്വീകരിക്കുന്ന പാലായിലെ പോലീസ് ഉദ്യോഗസ്ഥരെ മാണി സി കാപ്പൻ എം എൽ എ അഭിനന്ദിച്ചു. സമൂഹത്തിന് പോലീസ് മഹത്തായ സന്ദേശമാണ് ഈ നടപടിയുടെ നൽകിയിരിക്കുന്നത്. ഇത്തരം കാരുണ്യ പ്രവർത്തികൾ നടത്തുന്ന പോലീസുകാരെ പിന്നീട് ആദരിക്കുമെന്നും എം എൽ എ വ്യക്തമാക്കി.