Latest News
Loading...

പാലാ ജനറലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം സജ്ജീകരണങ്ങളായി


ഏറെക്കാലത്തെ ആവശ്യങ്ങള്‍ക്കൊടുവില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ തയാറായി. പോസ്റ്റുമോര്‍ട്ടം ടേബിളും ഉപകരണങ്ങളും മോര്‍ച്ചറിയോട് ചേര്‍ന്നുള്ള മുറിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ദുരൂഹതകളില്ലാത്ത കേസുകളില്‍ ഇനി പോസ്റ്റുമോര്‍ട്ടം പാലായില്‍തന്നെ നടത്താനാകും.


ആശുപത്രിയുടെ പിന്നില്‍ 72 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച പുതിയ കെട്ടിടത്തിലാണ് 8 ഫ്രീസറുകളോട് കൂടിയ മോര്‍ച്ചറിയും പോസ്റ്റുമോര്‍ട്ടം റൂമും ക്രമീകരിച്ചിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം ടേബിളടക്കം ഒരുവര്‍ഷം മുന്‍പേ ആശുപത്രിയിലെത്തിയതാണെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത് ഇപ്പോഴാണ്. പോലീസ് സര്‍ജ്ജന്‍ ആവശ്യമില്ലാത്ത കേസുകളില്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ആശുപത്രി സജ്ജമാണെന്ന് പോലീസ് സ്‌റ്റേഷനുകളില്‍ കത്ത് നല്‍കിയതായി ആശുപത്രി സൂപ്രണ്ട് ഡോ.അഞ്ജു സി മാത്യു പറഞ്ഞു.


പുതിയ കെട്ടിടത്തിലേയ്ക്ക് ആശുപത്രി മാറുന്നതിനുള്ള നടപടികളും പുരോഗമംിക്കുകയാണെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍ പറഞ്ഞു. റോഡ് വികസനത്തിനായി രണ്ടേമുക്കാല്‍സെന്റ് സ്ഥലം വിട്ടുനല്‍കും. 25 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിലവില്‍ കോട്ടയത്ത് മാത്രമാണ് പോസ്റ്റ്മാര്‍ട്ടം നടത്തുവാന്‍ സൗകര്യമുള്ളത്. അപകടമരണം ഉള്‍പ്പെടെ പോലീസ് കേസില്‍പെടുന്ന മൃതദേഹങ്ങള്‍ കോട്ടയത്തേയ്ക്ക് ആംബുലന്‍സ് വിളിച്ച് കൊണ്ടുപോകേണ്ട അവസ്ഥയാണ്. ജനറല്‍ ആശുപത്രിയായി പ്രഖ്യാപിച്ചതിനൊപ്പം ഫോറന്‍സിക് വിഭാഗം അനുവദിച്ചിരുന്നുവെങ്കിലും തുടര്‍ നടപടികളായില്ല. ഈ വിഭാഗത്തില്‍ ഡോക്ടറെ അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്‌.