Latest News
Loading...

പാലാ ജനറലാശുപത്രി പുതിയ കെട്ടിടം തുറന്നുനല്‍കാന്‍ നടപടി വേണം


കോവിഡ് ഭീതി നിലനില്‍ക്കുമ്പോളും പരിമിതകള്‍ നിറഞ്ഞ പാലാ ജനറല്‍ ആശുപത്രിയില്‍ ആളുകള്‍ കൂട്ടമായെത്തുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഏറെ സൗകര്യങ്ങളുള്ള കോടികള്‍ മുടക്കി നിര്‍മിച്ച പുതിയ കെട്ടിടം വെറുതെ കിടക്കുമ്പോഴാണ് പഴയ കെട്ടിടത്തില്‍ ആളുകള്‍ തിങ്ങിഞെരുങ്ങുന്നത്. അടിയന്തിരസാഹചര്യം പരിഗണിച്ച് കെട്ടിടം തുറന്നുനല്‍കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്കി.

കോവിഡ് രോഗവ്യാപനം തടയാന്‍ ഒരുമീറ്റര്‍ അകലം പാലിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ആശുപത്രിയിലെത്തുന്നവര്‍ തിങ്ങിഞെരുങ്ങുന്നത്. സന്ദര്‍ശകര്‍ക്ക് നിലവില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മരുന്നിനായി ആശുപത്രിയിലെത്തുന്നവര്‍ നിരവധിയാണ്. ആശുപത്രിയിലെ 3 ഒപികളും അത്യാഹിതവിഭാഗവും ഫാര്‍മസിയുമെല്ലാം പഴയകെട്ടിടത്തിലെ താഴത്തെ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതോടെ നിലവിലെ  സ്ഥലപരിമിതിയില്‍ രോഗികകള്‍ക്ക് സുരക്ഷിതമായ ചികിത്സ ഒരുക്കുന്നതിന്  ബുദ്ധിമുട്ടുണ്ടെന്നാണ് ആശുപത്രി അധികാരികളുടെ മുന്നറിയിപ്പ്.

അതേസമയം, നാല് വര്‍ഷം മുന്‍പ് പൂര്‍ത്തിയാക്കിയ 5 നില മന്ദിരം മാറാല പിടിച്ചുകിടക്കുകയാണ്.  പുതിയ മന്ദിരത്തിന് ഫയര്‍ഫോഴ്‌സില്‍ നിന്നും  സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതാണ് തടസ്സം.  അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആദ്യ 3 നിലകള്‍ക്കെങ്കിലും ഉടന്‍  ഫയര്‍ഫോഴ്‌സ് എന്‍.ഒ. സി. നല്‍കണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഇന്നലെ പാലാ ഫയര്‍ഫോഴ്‌സിലും കത്തു നല്‍കിയിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ ആദ്യമൂന്ന് നിലകള്‍ ഉടന്‍ തുറന്നുനല്‍കണമെന്ന ആവശ്യവും ശക്തമായി.


കോവിഡ് 19 പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍  രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഐസലേഷന്‍ വാര്‍ഡ് , പ്രത്യേകം ഒ.പി. സംവിധാനം മുതലായവ സജ്ജീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തില്‍ ആശുപത്രി വളപ്പില്‍ പുതുതായി പണിത അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ താഴത്തെ 3 നിലകള്‍ ഉപയോഗിക്കാന്‍ ഉടന്‍ അനുവാദം നല്‍കണമെന്നാണ് ജനറല്‍ ആശുപത്രി അധികാരികളുടെ ആവശ്യം.

പുതിയ മന്ദിരമിപ്പോള്‍ പണികള്‍ക്കായി പി.ഡബ്ലൂ.ഡി.ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ ചുമതലയിലാണ്.  ലിഫ്ടിന്റെ പണികളാണിപ്പോള്‍ നടന്നു വരുന്നത്. ഇത് പൂര്‍ത്തിയാക്കാന്‍  മൂന്നാഴ്ച കൂടി വേണമെന്നാണ് അധികൃതര്‍ പറയുന്നത്.