Latest News
Loading...

മദ്യനയത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റുന്നു: ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്


ഭാഗിക മദ്യനിരോധനം എടുത്തുകളഞ്ഞും മദ്യശാലകള്‍ പുനഃസ്ഥാപിക്കാന്‍ പാതകളുടെ ക്ലാസിഫിക്കേഷന്‍ പുനര്‍നിര്‍ണ്ണയിച്ചും, കൂടുതല്‍ മദ്യശാലകള്‍ അനുവദിച്ചും മദ്യനയത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റുന്നതായി കെ.സി.ബി.സി. യുടെ സര്‍ക്കുലറിനെ ഉദ്ധരിച്ചുകൊണ്ട് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കേരള കത്തോലിക്കാ സഭയുടെ മദ്യവിരുദ്ധ ഞായറാചരണത്തിന്റെ ഭാഗമായി പാലായില്‍ പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ ദേവാലയത്തില്‍ ദിവ്യബലി മധ്യേ നടത്തിയ സന്ദേശത്തിലാണ് ബിഷപ് ഇക്കാര്യം സൂചിപ്പിച്ചത്. 

 മദ്യാസക്തി സംസ്ഥാനത്ത് ഒരു സാമൂഹ്യപ്രശ്‌നമായി വളര്‍ന്നു വരുകയാണ്. ഇതോടൊപ്പം മയക്കുമരുന്നും. ഇതിന് പൊതുസമൂഹം തടയിടണം. ലഹരിവ്യാപാരികള്‍ ഭരണവ്യാപാരികളാണ്. ഇവര്‍ അനേകം ആളുകളെ, പുതുതലമുറയെ മരണത്തിലേക്കും മാനസിക, ശാരീരിക രോഗങ്ങളിലേക്കും തള്ളിവിടുന്നു. കൊറോണാ വൈറസിനേക്കാളും വലിയ പ്രതിസന്ധിയാണ് മദ്യപാനം സൃഷ്ടിക്കുന്നത്. മദ്യപാനം മനുഷ്യനെ വേറൊരു സംസ്‌കാരത്തിലേക്ക് തള്ളിയിടുകയാണ്. മദ്യനയ കാര്യത്തില്‍ സര്‍ക്കാര്‍ ബലഹീനമാകുന്ന കാഴ്ചയാണ് നാം കാണുന്നതെന്നും മദ്യ-മയക്കുമരുന്നു ലോബികള്‍ ശക്തിയാര്‍ജ്ജിക്കുന്നത് നാം കണ്ടില്ലെന്ന് നടിക്കരുതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.


 സഭയുടെ മുഴുവന്‍ ദേവാലയങ്ങളിലും വി. കുര്‍ബാന മധ്യേ കെ.സി.ബി.സി.യുടെ സര്‍ക്കുലര്‍ വായിച്ചു. വിവിധ കേന്ദ്രങ്ങളില്‍ വിപുലമായ പരിപാടികളും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ചു.
 ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കൊഴുപ്പില്‍, ഫാ. മാത്യു പുതിയിടത്ത്, ഫാ. മാത്യു കാടന്‍കാവില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കുകയും സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ജോസ് കവിയില്‍, ആകാശ് ആന്റണി, ജോസ് ഫ്രാന്‍സീസ്, ജെസി ജോസ്, സിബി പാറന്‍കുളങ്ങര, സാബു ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കുകയും ചെയ്തു.