കോവിഡ് രോഗബാധ സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട ഈരാറ്റുപേട്ട സ്വദേശിയ്ക്ക് ന്യൂമോണിയ ആണെന്ന് സംശയം. ഇന്നലെയാണ് സൗദിയില്‍ ഉംറ കഴിഞ്ഞെത്തിയ കടുവാമൂഴി സ്വദേശിയെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
ഉംറ തീര്‍ത്ഥാടനം വിലക്കുന്നതിന് മുന്‍പേ തീര്‍ത്ഥാടനത്തിനായി പോയ ആളാണിത്. തിരികെ വരുന്ന സമയത്താണ് കോവിഡ് രോഗം പടര്‍ന്നുതുടങ്ങിയത്. തീര്‍ത്ഥാടത്തിന് പോയ സമയത്ത് തന്നെ ചെറിയ പനി ഉണ്ടായിരുന്നതായും വിവരമുണ്ട്. പനി കടുത്ത് ന്യൂമോണിയ ആയെന്നാണ് ലഭിച്ച വിവരം. നിലവില്‍ പനിയ്ക്കുള്ള മരുന്നുകളാണ് നല്‍കുന്നത്. ഇദ്ദേഹത്തിന്റെ സ്രവങ്ങള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഇറ്റലിയില്‍ നിന്നും എത്തിയവരുണ്ടെന്ന തരത്തില്‍ വ്യാജസന്ദേശങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും ഇതിനിടെ പരക്കുന്നുണ്ട്. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് നഗരസഭാ ചെയര്‍മാന്‍ വിഎം സിറാജും അഭ്യര്‍ത്ഥിച്ചു.