Latest News
Loading...

പരീക്ഷ മാറ്റിവെയ്ക്കാത്ത എം.ജി സര്‍വകലാശാലയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍


കൊറോണ ജാഗ്രതയില്‍ ലോകം മുന്നോട്ടു പോകുമ്പോള്‍ കടുത്ത പിടിവാശിയിലാണ് കോട്ടയം എം.ജി യൂണിവേഴ്‌സിറ്റി. തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കാനിരിക്കുന്ന നാല്, ആറ് സെമസ്റ്റര്‍ പരീക്ഷകളില്‍ യാതൊരു മാറ്റവും വരുത്താന്‍ തയ്യാറലെന്ന നിലപാടിലാണ് വൈസ് ചാന്‍സിലര്‍. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.


സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയെങ്കിലും എട്ടാം ക്ലാസ് മുതലുള്ള പരീക്ഷകള്‍ നടക്കുന്നുണ്ട്. ആ സാഹചര്യത്തില്‍ യൂണിവേഴ്‌സിറ്റി എക്‌സാം മാറ്റേണ്ടതില്ലെന്നാണ് ചിലരുടെ വാദം. എന്നാല്‍ സ്‌കൂള്‍ പരീക്ഷയില്‍ നിന്നും വ്യത്യസ്ഥമായി കേരളത്തിന്റെ വിവധ ഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളാണ് യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള കോളേജുകളില്‍ പഠിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമുണ്ട്. യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ എം.ജി പരീക്ഷയെഴുതേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച്ച വിവധ സ്ഥലങ്ങളില്‍ നിന്ന് കോളേജുകളിലെത്തണം.

വൈറസ് ഭീതിയില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് കുറവായതിനാലും യാത്രകള്‍ക്ക് പൊതുഗതാതഗത മാര്‍ഗ്ഗങ്ങള്‍ കൂടുതലായി ഉപയോഗിക്കാത്തതിനാലും ബസ്സ് സര്‍വ്വീസുകള്‍ പല റൂട്ടുകളിലും വെട്ടിച്ചുരുക്കുകയും നിര്‍ത്തി വെയക്കുകയുമാണിപ്പോള്‍. എങ്ങനെയെങ്കിലും കോളേജിലെത്തിയാല്‍ തന്നെ താമസ സൗകര്യം ലഭിക്കില്ല. ഹോസ്റ്റലുകള്‍ മിക്കതും അടച്ചു പൂട്ടി. പല ജില്ലകളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരുന്ന് പരീക്ഷയെഴുതുമ്പോള്‍ വൈറസ് പരക്കില്ലെന്ന് എന്തുറപ്പാണ് യൂണിവേഴ്‌സിറ്റിക്ക് നല്‍കാന്‍ സാധിക്കുന്നതെന്ന ചോദ്യമാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നത്.


മിക്ക കോളേജുകളിലും പാഠഭാഗങ്ങള്‍ പൂര്‍ത്തിയായിട്ടില്ല്. കഴിഞ്ഞ സെമസ്റ്ററില്‍ ക്ലാസുകള്‍ തീരെ കുറവായിരുന്നു. കേന്ദ്രീകൃതമൂല്യനിര്‍ണയത്തിന്റെ പേരില്‍ മാത്രം കോളേജുകള്‍ അടച്ചിട്ടത് പത്തു ദിവസമാണ്. കോളേജിലെ ഇതരപരിപാടികള്‍, ഹര്‍ത്താല്‍ ഉള്‍പ്പടെയുള്ളവ അപഹരിച്ച പഠനദിവസങ്ങള്‍ വേറെയും.


പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥി സംഘടനകളും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമൊക്കെ യൂണിവേഴ്‌സിറ്റി അധികൃതരെ സാധ്യമാകുന്ന തരത്തിലെല്ലാം ബന്ധപ്പെട്ടു. സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയനും പരാതി നല്‍കി. എന്നാല്‍ അനുകൂല നടപടി സ്വീകരിക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തയ്യാറായിട്ടില്ല.

കൊറോണ (കോവിഡ് 19) രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിരീക്ഷണത്തിൽ കഴിയുന്ന ബിരുദ വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്തുമെന്ന് മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അറിയിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അവസരമൊരുക്കുക. ലക്ഷദ്വീപിലുള്ള വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് ഹാജരാകാൻ കഴിയുന്നില്ലെങ്കിൽ അവർക്കായും പ്രത്യേക പരീക്ഷ നടത്തും. ഡിഗ്രി ആറാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് 16നും നാലാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് 17നും ആരംഭിക്കും. ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് പരീക്ഷ നടത്തുന്നതിന് കോളേജ് പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.