Latest News
Loading...

ലോക് ഡൗൺ രണ്ടാം ദിനം; പുറത്തിറങ്ങുന്നവർക്ക് കുറവില്ല


സംസ്ഥാന സർക്കാരിന്റെ ലോക് ഡൗണിന്റെ പിന്നാലെ കേന്ദ്ര സർക്കാരിന്റെ ലോക് ഡൗൺ പ്രഖ്യാപനവും വന്നെങ്കിലും വേണ്ടത്ര കാരണങ്ങളില്ലാതെ പുറത്തിറങ്ങുന്നവർക്കു കുറവില്ല. ഇതോടെ പോലീസ് പരിശോധന കർശനമാക്കി. ഒപ്പം, നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ഈരാറ്റുപേട്ടയിൽ ഇന്നും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അധികം ജനത്തിരക്ക് ഇല്ലായിരുന്നുവെങ്കിലും വാഹനത്തിരക്കിന് മാറ്റമില്ലായിരുന്നു. ഇതോടെ പോലീസ് പരിശോധന കർക്കശമാക്കി. ടൗണിൽ പലയിടങ്ങളിലായി പരിശോധനകൾ നടന്നു. ജില്ലയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് 128 പേര്‍ക്ക് എതിരെ പോലീസ് കേസ് എടുത്തു. ഉച്ചവരെയുള്ള കണക്കാണിത്.


ടാക്സി, സ്വകാര്യ വാഹനങ്ങൾ പോലീസ് തടഞ്ഞു പരിശോധിച്ചു. മതിയായ കാരണമില്ലാത്ത വാഹനങ്ങൾ തിരിച്ചയച്ചു. ചൂരൽ പ്രയോഗവും വേണ്ടി വന്നു. കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനങ്ങൾ പിടികൂടി. നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് അനാവശ്യമായി തല്ലിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. മാതാവിന്റെ സംസ്കാരം നടത്തി മടങ്ങിയ മകനെ പോലീസ് തല്ലിയതായും കാരണം പോലും ചോദിക്കാതെ പോലീസ് നടത്തുന്ന അതിക്രമത്തെ അപലപിക്കുന്നതായും നഗരസഭ കൗൺസിലർ ടി.എം റഷീദ് പറഞ്ഞു.


പാലാ ഡിവൈഎസ്പി ഷാജി മോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈരാറ്റുപട്ടയിൽ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത്. കൂടുതൽ പോലീസ് സംഘവും സ്ഥലത്ത് ക്യാബ് ചെയ്യുന്നുണ്ട്. അവശ്യ സാധനങ്ങൾ വില്ക്കുന്ന കടകൾ രാവിലെ മുതൽ തന്നെ തുറന്നിരുന്നു. മാർക്കറ്റിലടക്കം സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്ക് അനുഭവപ്പെട്ടു.

പാലായിലും അനാവശ്യമായി പുറത്തിറങ്ങിയവരെ പോലീസ് തടഞ്ഞു. സ്വകാര്യ വാഹനങ്ങളിൽ പോയവരുടെ പാസുകൾ പരിശോധിച്ചു. അനാവശ്യമായി പുറത്തിറങ്ങിയവർക്ക് നാളെ നിരത്തിലിറങ്ങരുതെന്ന കർശന നിർദേശം നല്കി. പാലായിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുറന്നു പ്രവർത്തിച്ച കടകളിൽ തിരക്കനുഭവപ്പെട്ടു.