കേരളാ രാഷ്ട്രീയത്തില്‍ സമ്പൂര്‍ണ്ണമായി ഒറ്റപ്പെട്ടതിന്റെ വിഭ്രാന്തിയാണ് ഒറ്റകേരളാ കോണ്‍ഗ്രസ്സ് എന്ന പി.ജെ ജോസഫിന്റെ പ്രസ്താവനയില്‍ നിഴലിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി പറഞ്ഞു. കേരളാ വനിതാകോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാദിനാചരണം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണി ഭേദമില്ലാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ആഭ്യന്തര കലഹം സൃഷ്ടിക്കുകയും അതിനെ ലയനം എന്ന് വിളിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സര്‍ക്കസ്സാണ് ഇപ്പോള്‍ ജോസഫ് വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ഒരുമിച്ച് നിന്നപ്പോള്‍ ഒന്നും കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ജോസഫ് വിഭാഗം ആത്മാര്‍ത്ഥത കാട്ടിയില്ല.
പഞ്ചായത്ത് രാജ് സംവിധാനത്തില്‍ 50 ശതമാനമാണ് വനിതാസംവരണം എങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ 50 ശതമാനത്തിന് മുകളില്‍ സീറ്റുകളിലും സ്ത്രീകള്‍ക്ക് പ്രതിനിധ്യം നല്‍കുവാന്‍ കേരളാ കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും സമയബന്ധിതമായ നീതിനിര്‍വ്വഹണം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് നിര്‍ഭയ മുതല്‍ വാളയാര്‍ വരെയുള്ള സംഭവങ്ങള്‍. സ്ത്രീകള്‍ക്കെതരിയ അതിക്രമങ്ങളില്‍ പ്രതികളുടെ വിചാരണ കൃത്യമായും സമയബന്ധിതമായും നടത്തുന്നതിന് പ്രത്യേക അതിവേഗകോടതികള്‍ സ്ഥാപിക്കാന്‍ നടപടിയുണ്ടാകണമെന്നും ജോസ് കെ.മാണി പറഞ്ഞു.
വനിതാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ, സണ്ണി തെക്കേടം, ജോസഫ് ചാമക്കാല, ശ്രീദേവി, അംബികാ മോഹന്‍, എല്‍സമ്മ മാത്യു, ബെറ്റി റോയി, പെണ്ണമ്മ തോമസ്, മേരിക്കുട്ടി തോമസ്, ഷീലാ തോമസ്, ജിജി തമ്പി, മേരി ഹര്‍ഷ, ജാന്‍സി ജോസ്, സലോമി ബേബി, വല്‍സമ്മ എബ്രഹാം, ബിന്ദു തോമസ്, നിര്‍മ്മലാ ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.കുര്യാസ് കുമ്പളക്കുഴി കെഎം മാണി അനുസ്മരണ പ്രഭാഷണം നടത്തി.
കേരളാ കോണ്‍ഗ്രസ്സ് (എം) പ്രതിനിധിയായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തുടര്‍ച്ചയായി 25 വര്‍ഷം പൂര്‍ത്തീകരിച്ച സെല്ലി ജോര്‍ജ്, മികച്ച അംഗന്‍വാടി വര്‍ക്കറായി കോട്ടയം ജില്ലയില്‍ നിന്നും തെരെഞ്ഞെടുത്ത ആന്‍സി തോമസിനെയും, സ്വച്ച് സുന്ദര്‍ അംഗവന്‍വാടിയായി കോട്ടയം ജില്ലയില്‍ നിന്നും തെരെഞ്ഞെടുത്ത മീനച്ചില്‍ പഞ്ചായത്തിലെ 74-ാം നമ്പര്‍ അംഗന്‍വാടി അധ്യാപിക ഗ്രേസി അഗസ്റ്റിനേയും ഹെല്‍പ്പര്‍ വി.എ രജനിയേയും കടനാട് കുടുംബശ്രീ ചെയര്‍പേഴ്‌സണായിരുന്ന തങ്കമ്മ തങ്കപ്പന്‍ എന്നിവരെ ആദരിച്ചു.1981 കാലഘട്ടത്തില്‍ കേരളാ കോണ്‍ഗ്രസ്സ് അംഗമായിരുന്ന ചിന്നമ്മ ചെറിയാന്‍ പാര്‍ട്ടി അംഗത്വം ചെയര്‍മാന്‍ ജോസ് കെ.മാണിയില്‍ നിന്നും കൈപ്പറ്റി.