പാലാ ജനറല്‍ അശുപത്രി പുതിയ ബ്ലോക്കില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കുവാന്‍ ജില്ലാ ദുരന്തനിവാരണ സമിതി യോഗം തീരുമാനിച്ചു ആരോഗ്യ വകുപ്പ് ജില്ലാ ഓഫീസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പി.എന്‍.വിദ്യാധരന്‍, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ടിങ്കിള്‍ പ്രഭാകരന്‍ എന്നിവര്‍ പാലാ ജനറല്‍ ആശുപത്രിയുടെ പുതിയ അഞ്ച് നിലകളോടെയുള്ള കെട്ടിട സമുച്ചയത്തില്‍ എത്തി പരിശോധന നടത്തി.
300 ല്‍ പരം കിടക്കകള്‍ ക്രമീകരിക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കി തിരക്കേറിയ ഒ.പി വിഭാഗങ്ങളും ഇവിടെ ക്രമീകരിക്കും. ആശുപത്രി സൂപ്രണ്ട് ഡോ.അഞ്ചു സി.മാത്യു., ഓങ്കോളജി വിഭാഗം തലവന്‍ ഡോ. പി. എസ്.ശബരീനാഥ് എന്നിവരും ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തി.
മുന്നൊരുക്കങ്ങളുടെ ഭാഗമായി ഉപയോഗിക്കാതെ കിടക്കുന്ന ഒ.പി. ബ്ലോക്ക് അടിയന്തിര സ്വഭാവത്തില്‍ ശുചീകരണം നടപ്പാക്കി ഉപയോഗപ്രദമാക്കുന്നതിന് നഗരസഭയുമായി ബന്ധപ്പെടുവാനും പ്രവര്‍ത്തനാനുമതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ വകുപ്പുകളുടെയും യോഗം വിളിച്ചു ചേര്‍ക്കുവാനും ആരോഗ്യ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയക്ടര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി.
പനി ബാധിച്ചവര്‍ക്കായി പ്രത്യേക ക്ലിനിക്ക് ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചു. ആശുപത്രി കോമ്പൗണ്ടിലുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയാണ് ഇതിനുള്ള പ്രത്യേക മുറി സജ്ജീകരിച്ചിരിക്കുന്നത് തിരക്ക് കുറയ്ക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രോഗീ സന്ദര്‍ശനവും പരിമിതപ്പെടുത്തും.