Latest News
Loading...

കോവിഡ് ആശങ്ക; പ്രതിസന്ധിയിലായി രക്തബാങ്കുകള്‍


കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ രക്തദാനത്തിനും വിമുഖത പ്രകടിപ്പിക്കുന്നതോടെ രക്തബാങ്കുകളും വിവിധ ശസ്ത്രക്രിയകള്‍ക്കായി രക്തം ആവശ്യമുള്ളവരും പ്രതിസന്ധിയിലായി. ഇതോടെ അപകടം പോലുള്ള അടിയന്തിരഘട്ടങ്ങളില്‍ രക്തത്തിനായി നെട്ടോട്ടമോടുകയാണ് ആവശ്യക്കാര്‍.


പല ബ്ലഡ് ബാങ്കുകളിലും വിവിധ ഗ്രൂപ്പുകളിലുള്ള രക്തം ലഭ്യമല്ലാതായി കഴിഞ്ഞു. രോഗം പടരുമെന്നുള്ള ഭീതി മൂലം പുറത്തിറങ്ങാന്‍ പോലും ആളുകള്‍ മടിക്കുകയാണ്. അതുകൊണ്ടുതന്നെ മുന്‍പ് സന്നദ്ധരക്തദാനം നടത്തിയിരുന്നവരുടെ പോലും രക്തം ലഭ്യമാല്ലാതാവുകയാണ്. കോളേജുകളില്‍ എന്‍എസ്എസ് എന്‍സിസി യൂണിറ്റുകളിലെ വിദ്യാര്‍ത്ഥികളെയായിരുന്നു മുന്‍പ് രക്തദാനത്തിനായി കൂടുതലായി ലഭിച്ചിരുന്നത്. കോളേജുകളും ഹോസ്റ്റലുകളും അടച്ചതോടെ രക്തം ലഭിക്കാന്‍ വന്‍പ്രയാസം നേരിടുകയാണെന്ന് പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം പറഞ്ഞു.


നെഗറ്റീവ് ഗ്രൂപ്പ് രക്തം ലഭിക്കാന്‍ മിനിമം 22 പേരെയും പോസിറ്റീവ് ഗ്രൂപ്പ് രക്തം ലഭിക്കാന്‍ 10 പേരെയും സമീപിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. രക്തശേഖരണത്തിനായി നിശ്ചയിച്ചിരുന്ന രക്തദാനക്യാമ്പുകള്‍ മാറ്റിവയ്‌ക്കേണ്ടിവന്നതും രക്തദൗര്‍ലഭ്യതയ്ക്ക് കാരണമാകുന്നുണ്ട്.