Latest News
Loading...

പാലായില്‍ ബസ് സര്‍വീസുകള്‍ 30 ശതമാനം മാത്രം


''..സാറേ എരുമേലിയ്ക്ക് ബസ് എപ്പോഴാ..'' ''ബസ് സമയം 11.50ന് ആണ്. പക്ഷേ ബസുണ്ടോ എന്ന് ഉറപ്പ് പറയാനാവില്ല.'' കൊട്ടാരമറ്റത്തെ അന്വേഷണ കൗണ്ടറിലെ സംസാരമാണിത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ പാലായില്‍ സ്വകാര്യബസുകള്‍ പകുതിയലധികം സര്‍വീസുകള്‍ അവസാനിപ്പിച്ചു. ഉച്ചവരെ പത്തോളം ബസുകള്‍ മാത്രമാണ് കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ടത്. ഡീസല്‍കാശ് പോലും ലഭിക്കുന്നില്ലെന്ന് ബസുടമകള്‍ പറയുന്നു.


സ്വകാര്യബസുകള്‍ 90 ശതമാനവും നിര്‍ത്തലാക്കുകയാണെന്ന് ഇന്നലെ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ അത്രമാത്രം നിലച്ചിട്ടില്ലെന്ന് കൊട്ടാരമറ്റം സ്റ്റാന്‍ഡിലെ ടൈംകീപ്പിംഗ് അധികൃതര്‍ പറഞ്ഞു. ബസുകള്‍ ഓടാന്‍ തയാറാണെങ്കിലും ആളുകളില്ലാത്തതാണ് തിരിച്ചടി. ദൂരംകൂടിയ റൂട്ടുകളില്‍ ഇന്ധനചെലവിനുള്ള പണം കൈയില്‍ നിന്നും കണ്ടെത്തേണ്ട അവസ്ഥയാണ്. ഇക്കാരണത്തലാണ് ബസ് സര്‍വീസുകള്‍ അവസാനിപ്പിക്കുന്നത്.


ബസുകള്‍ ഷെഡില്‍ കയറ്റിയതോടെ ഒരു ബസിലെ 3 ജീവനക്കാരുടെ കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കോവിഡ് ഭീതിയില്‍ ആളുകള്‍ യാത്രകള്‍ ഒഴിവാക്കിയതും ആളുകള്‍ കൂടുതലും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപേക്ഷിച്ച് സ്വകാര്യ വാഹനങ്ങളിലേയ്ക്ക് മാറിയതും യാത്രക്കാര്‍ കുറയുന്നതിന് കാരണമായിട്ടുണ്ട്. രോഗഭീതി ഒഴിഞ്ഞ് സാധാരണനിലയിലേയ്ക്ക് എന്ന് മടങ്ങാനാകും എന്ന ആശങ്കയിലാണ് ജീവനക്കാരും ബസ് ഉടമകളും.