Latest News
Loading...

കോവിഡ് 19 പ്രതിരോധയജ്ഞത്തില്‍ പങ്കാളിയാകാന്‍ സി. എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയും



സി. എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയും കൊറോണ വൈറസ് പ്രതിരോധ നടപടികളില്‍ പങ്കു ചേരുന്നതായി മഹായിടവക അധ്യക്ഷന്‍ റൈറ്റ് റവ.വി.എസ് ഫ്രാന്‍സിസ് തിരുമേനി അറിയിച്ചു. ഞായറാഴ്ച ആരാധനകളില്‍ വിശുദ്ധസമാധാനത്തിന്റെ അടയാളമായ ഹസ്തദാനം (കൈയ്യസൂരി) ഒഴിവാക്കുമെന്നും ഞായറാഴ്ച ആരാധനയൊഴികെയുള്ള സഭയുടെയും സംഘടനകളുടെയും മുന്‍ കൂട്ടി തീരുമാനിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റിവെക്കുന്നതായും തിരുമേനി വൈദിക മീറ്റിംഗില്‍ അറിയിച്ചു.

വിശുദ്ധ കുര്‍ബാന നല്കുന്നത് വളരെ ശ്രദ്ധയോടെ വേണമെന്നും ഒന്നിലധികം സ്പൂണുകള്‍ ഉപയോഗിക്കുകയോ ചെറിയ കപ്പുകള്‍ ഉപയോഗിക്കുകയോ ചെയ്യണമെന്നും തിരുമേനി നിര്‍ദ്ദേശിച്ചു. രോഗലക്ഷണങ്ങള്‍ ഉണ്ടന്ന് തോന്നിയാല്‍ ആരോഗ്യ വകുപ്പിനെ ഉടന്‍ അറിയിക്കണമെന്നും ദീര്‍ഘയാത്രകള്‍ ഒഴിവാക്കണമെന്നും വിദേശത്ത് നിന്ന് എത്തുന്നവര്‍ തങ്ങള്‍ക്ക് വൈറസ് ബാധ ഇല്ലെന്ന് ബോധ്യപ്പെടുന്നതു വരെ സ്വന്തം ഭവനത്തില്‍ കഴിയണമെന്നും വിശ്വാസികളെ അത്തരത്തില്‍ സജ്ജരാക്കണമെന്നും വൈദികരെ ഉത്‌ബോധിപ്പിച്ചു.


ദേശത്തിന്റെയും മാനവകുലത്തിന്റെയും രക്ഷക്കായി കുടുംബ പ്രാര്‍ത്ഥനയില്‍ പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്നും ഗവണ്‍മെന്റ് എടുക്കൂന്ന മുന്‍കരുതല്‍ നടപടികള്‍ എല്ലാ വിശ്വാസികളും പാലിക്കണമെന്നും തിരുമേനി അഭ്യര്‍ത്ഥിച്ചു. ആരാധനകളില്‍ സമാധാനത്തിന്റെ അടയാളമായ കൈയ്യ സൂരിക്ക് ( ഹസ്തദാനം) പകരമായി പരസ്പരം കൈകൂപ്പി, ക്രിസ്തുവിന്റെ സമാധാനം എന്ന് പറയണമെന്നും നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ പാലിക്കണമെന്നും ജലദോഷം, പനി, ചുമ ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും വേഗം ചികിത്സ നേടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.