Latest News
Loading...

സുകന്യ സമൃദ്ധി യോജന റോഡ് ഷോ വെള്ളിയാഴ്ച്ച പാലായില്‍ നിന്ന് ആരംഭിക്കും


 പെണ്‍കുട്ടികളുടെ വിവാഹ വിദ്യാഭ്യാസ ആവശ്യത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയുടെ പ്രചരണാര്‍ത്ഥം തപാല്‍ വകുപ്പ് കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തില്‍ റോഡ് ഷോ നടത്തും. 10 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് പദ്ധതിയില്‍ ചേരാം. ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികള്‍ക്ക് സുകന്യ സമൃദ്ധി യോജനയില്‍ അംഗങ്ങളാകാം.

മികച്ച പലിശനിരക്കുള്ള ഈ പദ്ധതിയില്‍ ചേരുന്നതിന് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, രക്ഷകര്‍ത്താവിന്റെ രണ്ട് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, 250 രൂപ, എന്നിവ കൊണ്ടുവരണം. 14 വര്‍ഷം എല്ലാ സാമ്പത്തിക വര്‍ഷവും കുറഞ്ഞത് 250 രൂപയെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കണം. കുട്ടിയുടെ വിവാഹ സമയത്ത് പലിശ സഹിതം പണം പൂര്‍ണ്ണമായും തിരികെ ലഭിക്കും. 18 വയസ് പൂര്‍ത്തിയായാല്‍ വിദ്യാഭ്യാസ ആവശ്യത്തിന് പകുതി പണം പിന്‍വലിക്കാം. നിക്ഷേപത്തിന് ആദായ നികുതി ഇളവ് ലഭിക്കും. മാര്‍ച്ച് 31 വരെ പദ്ധതിയില്‍ ചേരുന്നതിന് കോട്ടയം ഡിവിഷനിലെ മുഴുവന്‍ പോസ്റ്റ് ഓഫീസുകളിലും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.


വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്നും ആരംഭിക്കുന്ന റോഡ് ഷോ ചലച്ചിത്ര താരം മീനാക്ഷി ഫ്‌ളാഗ് ഓഫ് ചെയ്യും. അഞ്ച് ദിവസം കൊണ്ട് ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ കോട്ടയം ഡിവിഷന്റെ മുഴുവന്‍ പ്രദേശങ്ങളിലും പ്രചരണ വാഹനങ്ങള്‍ എത്തും. സുകന്യാ സമൃദ്ധി യോജനയുടെ സവിശേഷതകളും പ്രയോജനങ്ങളും എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുകയാണ് ലക്ഷ്യമെന്ന് തപാല്‍ വകുപ്പ് കോട്ടയം ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് പി.വി. കേശവന്‍ പറഞ്ഞു.