Latest News
Loading...

യാന്ത്രികത ധാര്‍മ്മികതയെ അടിപ്പെടുത്തരുത്: മാര്‍ ജോസഫ് കല്ലറങ്ങാട്ട്


സമൂഹം ഒരു വലിയ കമ്പോളമായി മാറുകയും യാന്ത്രികത ആധുനിക ജീവിതത്തിന്റെ മുഖമുദ്രയാകുകയും ചെയ്യുമ്പോള്‍ ബൗദ്ധിക കാടത്തത്തില്‍നിന്നും യുവതലമുറയെ രക്ഷിക്കുവാന്‍ ധാര്‍മ്മികതയ്‌ക്കേ കഴിയൂ എന്ന് പാലാ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പാലാ സെന്റ് തോമസ് കോളേജിലെ മെറിറ്റ് ഡേ ആഘോഷപരിപാടിയില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു കോളേജ് രക്ഷാധികാരി കൂടിയായ അഭിവന്ദ്യപിതാവ്.


വൈരുദ്ധ്യാത്മകമായ സത്യങ്ങളുടെ കാലത്ത് സമൂഹം രോഗഗ്രസ്തമാകാതെ കാക്കേണ്ടവരാണ് ഉന്നത വിജയങ്ങളും അംഗീകാരങ്ങളും നേടുന്ന വിദ്യാര്‍ത്ഥികള്‍ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരാശരിയില്‍ ഒതുങ്ങാതെ ഉന്നതനേട്ടങ്ങള്‍ക്കായി പ്രയത്‌നിക്കുവാന്‍ മുഖ്യപ്രഭാഷകന്‍ മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ (ഡോ.) സാബു തോമസ് വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. അടിസ്ഥാനഗ്രന്ഥങ്ങള്‍ വായിക്കുകയും സമഗ്രവികസനം നേടുകയുമാകണം വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം. സ്വാഗതപ്രസംഗകനായ കോളേജ് പ്രിന്‍സിപ്പാള്‍ റവ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത് ഏഴുപതിറ്റാണ്ടുകൊണ്ട് പാലായുടെ ബൗദ്ധിക കേന്ദ്രമായി മാറി സെന്റ് തോമസ് എന്ന് പ്രസ്താവിച്ചു.


വൈസ് പ്രിന്‍സിപ്പാള്‍ ഡോ. സണ്ണി കുര്യാക്കോസ്, പി.റ്റി.എ. വൈസ് പ്രന്‍സിഡന്റ് ഡോ. സണ്ണി ജോസഫ്, കോളേജ് കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. ടോമി തോമസ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ശ്രീ. അലേര്‍ട്ട് ജെ. കളപ്പുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ബര്‍ക്കുമാന്‍സ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട ഡോ. സണ്ണി കുര്യാക്കോസ്, 27 യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കള്‍, 81 യു.ജി.സി./സി.എസ്.െഎ.ആര്‍.-ജെ.ആര്‍.എഫ്./നെറ്റ് വിജയികള്‍, 43 പി.എച്ച്.ഡി. ബിരുദം നേടിയവര്‍, ദേശീയ പുരസ്‌കാരം നേടിയ കായിക താരങ്ങള്‍, യൂണിവേഴ്‌സിറ്റി കലാമത്സരവിജയികള്‍ തുടങ്ങിയവരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

കോളേജ് ബര്‍സാര്‍ ഫാ. മാത്യു കുര്യന്‍ കാവനാടിമലയില്‍, പ്രൊഫ. രാജു തോമസ്, ഡോ. സ്റ്റാനി തോമസ്, ഡോ. ഡേവിസ് സേവ്യര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.