Latest News
Loading...

കൊമ്പുകോര്‍ത്ത് നഗരസഭയും എംഎല്‍എയും. ജോര്‍ജ്ജിന് സിറാജിന്റെ മറുപടി


ഈരാറ്റുപേട്ട വാഗമണ്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപെട്ട്  ഈരാറ്റുപേട്ട നഗരസഭ ചെയ്യര്‍മാര്‍ വി.എം സിറാജും പി.സി ജോര്‍ജ് എംഎല്‍എയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. ഈരാറ്റുപേട്ടയുടെ വികസനം മുടക്കുന്നത് എംഎല്‍എയാണെന്ന് ചെയ്യര്‍മാന്‍ ആരോപിച്ചു. റോഡ് നിര്‍മ്മാണം തടസപ്പെടുത്താന്‍ ചെയ്യര്‍മാന്‍ ശ്രമിക്കുകയാണെന്ന് എംഎല്‍എ കഴിഞ്ഞ ദിവസം ആരോപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബി അനുവദിച്ച 67 കോടി രൂപാ മുടക്കി റിക്കാണ് റോഡ് നിര്‍മ്മിക്കുന്നത്. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് തര്‍ക്കമുള്ളതിനാല്‍ താരതമ്യേന തര്‍ക്കം കുറവായ ഈരാറ്റുപേട്ട മുതല്‍ തിക്കോയി വരെയുള്ള ഭാഗം ഒന്നാം ഘട്ടമായി ടെന്‍ഡര്‍ ചെയ്ത് ടാറിംഗ് നടത്തണമെന്ന ആവശ്യവുമായി നഗരസഭാ ചെയ്യര്‍മാന്‍ വി.എം സിറാജിന്റെ നേതൃത്വത്തില്‍ വകുപ്പ് മന്ത്രി ജി സുധാകരന് നിവേദനം നല്‍കുകയും ഇക്കാര്യത്തില്‍ തിരുമാനം എടുക്കണമെന്ന് മന്ത്രി പിഡബ്ല്യുഡിയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യം ചെയര്‍മാന്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു.


അതേസമയം വിഭജിച്ച് ടെണ്ടര്‍ ചെയ്താല്‍ രണ്ട് വര്‍ഷം കഴിഞ്ഞാലും നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ കഴിയുകയില്ലെന്നാണ് എംഎല്‍എ വ്യക്തമാക്കിയിരിക്കുന്നത്. റിക് എംഡിയുമായി എംഎല്‍എ ഫോണിലൂടെ സംസാരിക്കുകയും വിഭജിച്ചുള്ള ടെണ്ടറിന് കിഫ്ബി അനവാദം നല്കുകയില്ലെന്ന എംഡിയുടെ ശബ്ദം മാധ്യമപ്രവര്‍ത്തകരെ കേള്‍പിക്കുകയും ചെയ്തിരുന്നു. .നഗരസഭാ ചെയര്‍മാന്‍ റോഡ് വികസനം തടസപെടുത്താന്‍ ശ്രമിക്കുകയാണെന്നും ജോര്‍ജ് ആരോപിച്ചിരുന്നു.

                                           
ജോര്‍ജിന്റെ ആരോപണങള്‍ക്ക് ശക്തമായ മറുപടിയുമായി സിറാജും രംഗത്തെത്തി. ഈരാറ്റുപേട്ടയ്ക്ക് ലഭിക്കേണ്ട മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും പി.സി  ജോര്‍ജ് എംഎല്‍എയാണ് തടസപെടുത്തുന്നതെന്ന് സിറാജ് പറഞ്ഞു. ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച പ്രവര്‍ത്തികള്‍ എംഎല്‍എ നിര്‍ത്തിവയ്പിച്ചിരിക്കുകയാണ്. വാഗമണ്‍ റോഡ് നിര്‍മ്മാണം നടക്കുമെന്ന് മനസ്സിലായതോടെ തടസപെടുത്തനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നത്. നാടിന്റെ വികസനത്തിനായി എതധികാരികളെയും സമീപിക്കും. എല്ലാ കാര്യങ്ങളും എംഎല്‍എ വഴി നടക്കണമെന്ന വാശി ശരിയല്ല. ഈരാറ്റുപേട്ടക്കാരോട് വിദ്വേഷവും വൈരാഗ്യവുമാണ് പി.സി ജോര്‍ജിനുള്ളത്. വാഗമണ്‍ റോഡ് വിഭജിച്ച് ടെണ്ടര്‍ ചെയ്യുന്നതിന് തടസമില്ലെന്ന് റിക് എംഡി രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും സിറാജ് പറഞ്ഞു.


ഘട്ടം ഘട്ടമായി ടെണ്ടര്‍ നടത്തുന്നതിന് എതിര്‍പ്പില്ലെന് കിഫ്ബിയും  അറിയിച്ചിട്ടുണ്ട്. തര്‍ക്കമുള്ള ഭാഗത്തെ സ്ഥലമേറ്റെടുപ്പമായി ബന്ധപെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ചെയര്‍മാന്‍ മുന്‍കൈയെടുക്കുമെന്നും, പൊസഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് അനുസരിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും റിക് എംഡി നല്‍കിയ കത്തില്‍ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളിലും വാഗമണ്‍ റോഡ് നിര്‍മാണം, വിവാദങ്ങളില്‍ നിറയുമെന്ന കാര്യത്തില്‍ സംശയമില്ല. തമ്മിലടിച്ച് റോഡ് നിര്‍മ്മാണം ഇല്ലാതാവരുതെന്ന പ്രാര്‍ത്ഥനയിലാണ് നാട്ടുകാര്‍.