പെണ്‍കുട്ടികളുടെ വിവാഹ വിദ്യാഭ്യാസ ആവശ്യത്തിനുള്ള കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ സുകന്യ സമൃദ്ധി യോജനയുടെ പ്രചരണാര്‍ത്ഥം തപാല്‍ വകുപ്പ് കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന റോഡ് ഷോ പാലാ ഹെഡ് പോസ്‌റ്റോഫീസ് പരിസരത്തുനിന്നും ആരംഭിച്ചു. സിനിമാ താരം മീനാക്ഷി റോഡ് ഷോ ഉദ്ഘാടനം ചെയ്തു
കോട്ടയം ഡിവിഷന്റെ എല്ലാ പ്രദേശങ്ങളിലെയും ജനങ്ങളിലേയ്ക്ക് സുകന്യ സമൃദ്ധിയുടെ സവിശേഷതകളും, സന്ദേശവും എത്തിക്കുന്നതിനു വേണ്ടിയാണ് റോഡ് ഷോ സംഘടിപ്പിച്ചിട്ടുള്ളത്. ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികള്‍ക്ക് സുകന്യ സമൃദ്ധിയില്‍ അംഗങ്ങളാവാം. 14 വര്‍ഷം ഓരോ സാമ്പത്തിക വര്‍ഷവും കുറഞ്ഞത് 250 രൂപ നിക്ഷേപിക്കണം. പരമാവധി ഒരു വര്‍ഷം ഒന്നരലക്ഷം രൂപ നിക്ഷേപിക്കാം.
10 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കും. ആദായ നികുതി ഇളവ് ലഭിക്കും. 18 വയസ്സ് പൂര്‍ത്തിയായാല്‍ ഉന്നത വിദ്യാഭ്യാസത്തിന് പകുതി പണം പിന്‍ വലിക്കാം. കുട്ടിയുടെ വിവാഹ സമയത്ത് പലിശ സഹിതം മുഴുവന്‍ പണവും പിന്‍വലിക്കാം.8.4 ശതമാനമാണ് പലിശനിരക്ക്.
കോട്ടയം ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് പി.വി കേശവന്‍, സതിമോള്‍ പി.എസ്, രാജീവ് വി.കെ സമിത സാഗര്‍, എന്നിവര്‍ നേതൃത്വം നല്‍കി. റോഡ് ഷോ ചൊവ്വാഴ്ച സമാപിക്കും.