ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് പൂര്‍ത്തീകരിക്കുന്നതോടൊപ്പം വീടും സ്ഥലവും നിലനിര്‍ത്തണമെങ്കില്‍ അതിജീവനത്തിന് ഒരു ജോലി കൂടി വേണം. ഇതാണ് ലൈഫ് മിഷന്‍ ഉദ്ദേശിക്കുന്നത്. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി വഴി പൂര്‍ത്തീകരിച്ച 56 വീട്ടുകാര്‍ക്ക് ജീവനോപാദികൂടി ഉറപ്പ് വരുത്തുന്നു. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ജീവനോപാദി എന്നുള്ളത് ഗ്രാമപഞ്ചായത്തിന്‍റെ കാഴ്ച്ചപ്പാടിനുവേണ്ടിയുള്ള സംഗമമാക്കുവാന്‍ ഇന്ന് നടന്ന ലൈഫ് സംഗമം വേദിയായി.
സര്‍ക്കാരില്‍ നിന്നും വിവിധ പദ്ധതികള്‍ക്ക് ധനസഹായം ലഭിക്കുമെങ്കിലും ആയത് പൂര്‍ത്തീകരണത്തിനുശേഷം മാത്രമേ ലഭിക്കുകയുള്ളു. ആയതിനാല്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് തുക മുന്‍കൂറായി മുടക്കുന്നതിനുവേണ്ടി കേരള ഗ്രാമീണ്‍ ബാങ്കുമായി കൂടിച്ചേര്‍ന്ന് തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് ധനസഹായം അനുവദിച്ച് നല്‍കുന്നതിനുള്ള നടപടിയും പൂര്‍ത്തീകരിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, പന്നിക്കൂട് എന്നിവ നിര്‍മ്മിക്കുവാനും, കുടുംബശ്രീ ജെ.എല്‍.ജി. ഗ്രൂപ്പ് വഴി കാര്‍ഷിക മേഖലയില്‍ ഇടപെടുന്നതിനും ആവശ്യമായ ലോണ്‍ കൊടുക്കുന്നു. ലളിതമായ വ്യവസ്ഥയില്‍ മിതമായ പലിശ നിരക്കിലുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലൈഫ് മിഷന്‍ വഴി ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് ജീവനോപാദിയെന്ന നിലയില്‍ കോട്ടയം ജില്ലയില്‍ പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലാണ് ആദ്യം പദ്ധതി നടത്തുന്നതെന്ന് പഞ്ചായത്ത് മുന്‍പ്രസിഡന്‍റ് ശ്രീ.രമേഷ് ബി. വെട്ടിമറ്റം അറിയിച്ചു.
ലൈഫ് സംഗമത്തില്‍ പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ.ലീലാമ്മ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് ശ്രീ.പ്രസാദ് തോമസ് പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. ശ്രീ.രമേഷ് ബി. വെട്ടിമറ്റം പദ്ധതി വിശദീകരിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ചാര്‍ജ്ജ് ഓഫീസര്‍ ശ്രീ.ജയസിംഹന്‍, കേരള ഗ്രാമീണ്‍ ബാങ്ക് പൂഞ്ഞാര്‍ ശാഖാ മാനേജര്‍ ശ്രീമതി.അന്നമ്മ, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.