Latest News
Loading...

കിടങ്ങൂരില്‍ സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസ് എംഎ ബേബി ഉദ്ഘാടനം ചെയ്തുപൗരത്വം പോലും ചോദ്യം ചെയ്യപ്പെടുന്ന രാജ്യത്ത് നിലയ്ക്കാത്ത സമരങ്ങള്‍ നടത്തേണ്ട സാഹചര്യമാണുള്ളതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. സ്വേഛാധിപത്യ ഭരണത്തിലൂടെ നമ്മള്‍ പോലുമറിയാതെ നമ്മളെ ഭിന്നിപ്പിക്കാനുള്ള തന്ത്രങ്ങളാണ് നരേന്ദ്ര മോദിയും കൂട്ടരും മെനയുന്നത്. പോരാട്ടമെന്നാല്‍ സമരവും ജയില്‍വാസവും മാത്രമല്ല. രാജ്യത്തെ സാഹചര്യങ്ങള്‍ പഠിക്കണം. ബിജെപി നടത്തുന്ന കുപ്രചാരണങ്ങളെ പ്രതിരോധിക്കുന്നതും സമരം തന്നെയാണ്. കിടങ്ങൂരില്‍ കെ എസ് കൃഷ്ണന്‍കുട്ടി നായര്‍ സ്മാരക മന്ദിരം (സിപിഐ എം കിടങ്ങൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്) ഉദ്ഘാടനത്തിനു ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ബജറ്റ് പാവങ്ങളുടെ വയറ്റത്തടിക്കുന്നതായിരുന്നു. തൊഴിലുറപ്പ് പദ്ധതിക്കുള്ള നീക്കിയിരിപ്പില്‍ 9,500 കോടി രൂപ കുറവു വരുത്തി. തികച്ചും സാധാരണക്കാര്‍ക്ക് കിട്ടേണ്ട പണമാണിത്. ഇതേ ബജറ്റ് കുത്തകകള്‍ക്ക് ലക്ഷക്കണക്കിനു കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കി. അര്‍ഹമായ പണം നല്‍കാതെ കേരളത്തെയും കേന്ദ്രം ചതിച്ചു.  എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നത് ബദല്‍ വികസനനയമാണ്. കിഫ്ബിയെ കുറ്റം പറയുന്ന പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലും കിഫ്ബിയിലുള്‍പ്പെട്ട നൂറുകണക്കിനു കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി വരുന്നു. ഭാവനാപൂര്‍ണമായ പദ്ധതികളാണ് പിണറായി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്.  ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പറഞ്ഞ് ജനത്തെ ഒപ്പം നിര്‍ത്തുന്നു.

വ്യത്യസ്തമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് കമ്യൂണിസ്റ്റുകാരന്റേതെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കണം. രാഷ്ട്രീയമില്ലാത്ത കാരുണ്യമാണ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍. സ്വന്തം കാര്യത്തില്‍ മാത്രം ഒതുങ്ങാതെ മറ്റുള്ളവരുടെ വിഷമങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കലാണ് കമ്യൂണിസം. നിസ്വാര്‍ഥമായ പ്രവര്‍ത്തനത്തില്‍ മാതൃകയായിരുന്നു കെ എസ് കൃഷ്ണന്‍കുട്ടി നായരെന്നും എം എ ബേബി പറഞ്ഞു.ലൈബ്രറിയും ഹാളും അടങ്ങിയ മന്ദിരം സിപിഐ എം കിടങ്ങൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കും. ജനങ്ങളുടെ ആശ്രയ കേന്ദ്രം കൂടിയായ ഓഫീസിന്റെ നിര്‍മാണത്തിന് കിടങ്ങൂരിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹായം ലഭിച്ചിരുന്നു. ആഘോഷം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. എ എ ബേബിയെ പഞ്ചവാദ്യത്തിന്റെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്.

ഓഫീസിലെ പി കെ സി സ്മാരക ഹാള്‍ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. കെ എ വാസുദേവന്‍ സ്മാരക ലൈബ്രറി സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. കെ എസ് കൃഷ്ണന്‍കുട്ടി നായരുടെ ഫോട്ടോ ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ അനാഛാദനം ചെയ്തു.

ഗവ. എല്‍പിബി സ്‌കൂള്‍ മൈതാനത്ത് നടന്ന പൊതുസമ്മേളനം എം എ ബേബി ഉദ്ഘാടനം ചെയ്തു. വി എന്‍ വാസവന്‍ അധ്യക്ഷനായി. വൈക്കം വിശ്വന്‍, കെ ജെ തോമസ് എന്നിവര്‍ സംസാരിച്ചു. സിപിഐ എം അയര്‍ക്കുന്നം ഏരിയാ സെക്രട്ടറി പി എന്‍ ബിനു സ്വാഗതവും ലോക്കല്‍ സെക്രട്ടറി ഇ എം ബിനു നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി ആര്‍ രഘുനാഥന്‍, കെ എം രാധാകൃഷ്ണന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. വി ജയപ്രകാശ്, കെ എന്‍ രവി, മന്ദിരത്തിന്റെ നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ ജി വിശ്വനാഥന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.