Latest News
Loading...

ഈരാറ്റുപേട്ട നഗരസഭയുടെ 'എല്ലാ വീട്ടിലും തുണി സഞ്ചി' ഉദ്ഘാടനം നാളെ


ഈരാറ്റുപേട്ട നഗരസഭയിലെ എല്ലാ വീടുകളിലും തുണിസഞ്ചി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക്  നടക്കും. മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടി ഹരിത കേരള മിഷന്‍ വൈസ് ചെയര്‍മാന്‍ ഡോ ടി എന്‍ സീമ ഉദ്ഘാടനം ചെയ്യും.നഗരസഭാ ചെയര്‍മാന്‍ വി എം സിറാജ് അദ്ധ്യക്ഷത വഹിക്കും.


സ്‌പോണ്‍സര്‍മാരുടെ സഹകരണത്തോടെ എല്ലാ വീടുകളിലും തുണിസഞ്ചി എത്തിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടമെന്ന നിലയില്‍ മുസ്ലിം ഗേള്‍സ് സ്‌കൂളിലെ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് തുണിസഞ്ചി നല്‍കും. മാലിന്യനിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് നഗരസഭ പുറത്തിറക്കുന്ന രണ്ട് ഹൃസ്വ വീഡിയോ ചിത്രങ്ങളും ഇതോടനുബന്ധിച്ച് പുറത്തിറക്കും.


ഇതിനിടെ, നഗരസഭയിലെ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് പരിശോധനകള്‍ കര്‍ശനമാക്കാന്‍ ആരോഗ്യവിഭാഗം നീക്കമാരംഭിച്ചു. തുടക്കത്തില്‍ ആറ് കടകളില്‍ നിന്നായി 16 കിലോ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനോയി അറിയിച്ചു.



ഈരാറ്റുപേട്ട നഗരസഭയുടെ പരിധിയിലുള്ള കടകളില്‍ നിരോധിച്ച പ്ലാസ്റ്റിക്ക് ,ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ എന്നിവയുടെ പരിശോധന നടത്തി. പ്ലാസ്റ്റിക്ക് നിരോധനവുമായി ബന്ധപ്പെട്ട് അനുവദിച്ച സമയം കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത് .ഇരുപതോളം കടകളില്‍ നടത്തിയ പരിശോധനയില്‍ 120 കിലോയോളം നിരോധിത പ്ലാസ്റ്റിക്ക് ,ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ എന്നിവ പിടിച്ചെടുക്കുകയുണ്ടായി.പരിശോധനയില്‍ നഗരസഭ ഉദ്യോഗസ്ഥര്‍ ,ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ,ഹരിത കേരളം മിഷന്‍ പ്രതിനിധി ,ഹരിത സഹായ സ്ഥാപനം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.