കഴിഞ്ഞ 54 വർഷം പാലായിൽ നിന്നുമുള്ള നിയമസഭാംഗവും 13 ബജറ്റുകൾ അവതരിപ്പിക്കുകയും ചെയ്ത മുൻ മന്ത്രി.കെ.എം.മാണിയുടെ സ്മരണക്കായി സ്മാരകം നിർമ്മിക്കുന്നതിന് സംസ്ഥാന ബജറ്റിൽ 5 കോടി രൂപ വകയിരുത്തി. മാണിയുടെ സാന്നിദ്ധ്യമില്ലാത്ത ആദ്യ ബജറ്റുകൂടിയാണ്.
കെ.എം.മാണിയുടെ ഒന്നാം ചരമവാർഷികത്തിനു മുമ്പേ സ്മാരകത്തിന് തുക അനുവദിച്ച നടപടിയിൽ കേരള കോൺഗ്രസ് (എം) സംതൃപ്തി രേഖപ്പെടുത്തി. കേരള കോൺഗ്രസ് (എം ) ചെയർമാനും കെ.എം.മാണി ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ ജോസ് കെ.മാണി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിക്കപ്പെട്ടിരിക്കുന്നത്.
ജോസ് കെ.മാണി മനേജിംഗ് ട്രസ്റ്റിയായി പാലാ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ട്രസ്റ്റാണ് കെ.എം.മാണി ഫൗണ്ടേഷൻ. കെ.എം.മാണിയുടെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പാലായിൽ ഒരു പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന ബജറ്റിൽ 5 കോടി രൂപ ആവശ്യപ്പെട്ടത്. പാലായുടെ ജനപ്രതിനിധിയായിരുന്ന കെ.എം.മാണിയുടെ സ്മരണക്കായി സ്മാരകം നിർമ്മിക്കുന്നതിന് തുക വകയിരുത്തിയതിൽ പാലായിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം അഭിനന്ദനം രേഖപ്പെടുത്തി.
ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. തോമസ് ആന്റെണി, ആന്റോ പടിഞ്ഞാറേക്കര ,ഔസേപ്പച്ചൻ വാളി പ്ലാക്കൽ, ബൈജു കൊല്ലംപറമ്പിൽ , ജയ്സൺമാന്തോട്ടം, ബിജു പാലൂപടവിൽ, ബിജി ജോജോ, രാജേഷ് വാളി പ്ലാക്കൽ, കുഞ്ഞുമോൻ മാടപ്പാട്ട്, സുനിൽ പയ്യപ്പിള്ളി എന്നിവർ പ്രസംഗിച്ചു.