Latest News
Loading...

ഫയര്‍‌സ്റ്റേഷന്‍ നിര്‍മാണം. അഴിമതി ആരോപണവുമായി യുഡിഎഫ്‌


ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അഴിമതി ഉണ്ടെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച സംരക്ഷണഭിത്തി തകരുന്ന അവസ്ഥയിലാണെന്നും നിലം നികത്തിയ മണ്ണ് ഉപയോഗിച്ചതില്‍ വ്യാപക ക്രമക്കേടുണ്ടെന്നുമാണ് ആരോപണം. ഇത് സംബന്ധിച്ച് വിജിലന്‍സിന് പരാതി നല്‍കാനുള്ള നീക്കത്തിലാണ് കേരള കോണ്‍ഗ്രസ് (എം). 



ഈരാറ്റുപേട്ട പൂഞ്ഞാര്‍ റോഡില്‍ മറ്റക്കാടിന് സമീപം പിഡബ്യുഡിയുടെ കൈവശമുണ്ടായിരുന്ന 42 സെന്റ് സ്ഥലത്താണ് ഫയര്‍ഫോഴ്‌സിനായി പുതിയ കെട്ടിടം ഉയരുന്നത്. റോഡ് നിരപ്പില്‍ നിന്നും താഴ്ന്നുകിടക്കുന്ന പ്രദേശത്ത് ഇറിഗേഷന് വകുപ്പ് നേതൃത്വത്തില്‍ 15 ലക്ഷത്തോളം രൂപയുടെ സംരക്ഷണഭിത്തി നിര്‍മിച്ച് മണ്ണിട്ട് നികത്തിയശേഷമാവും കെട്ടിട നിര്‍മാണം. സംരക്ഷണഭിത്തി നിര്‍മിച്ചയിടത്ത് ഫില്ലിംഗ് ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. അതേസമയം, സംരക്ഷണഭിത്തി നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. നിലം നികത്തുന്നതിന് ഓടയിലെ മാലിന്യം അടക്കമാണ് ഉപയോഗിക്കുന്നതെന്നും സമീപത്തെ കുടിവെള്ളപദ്ധതിയ്ക്ക് ഇത് ദോഷം ചെയ്യുമെന്നും കേരള കോണ്‍ഗ്രസ് എം ആരോപിച്ചു. 



പൂഞ്ഞാര്‍ റോഡ് പുനര്‍ നിര്‍മാണത്തിനിടെ എടുത്ത മണ്ണ് റോഡ് ഉയര്‍ത്തുന്നതിനാണ് ഉപയോഗിക്കേണ്ടിയിരുന്നതെങ്കിലും ഫയര്‍‌സ്റ്റേഷന്‍ ഭാഗത്ത് ഫില്ലിംഗിന് ഉപയോഗിച്ചതില്‍ ക്രമക്കേടുണ്ടെന്നും ജോഷി മൂഴിയാങ്കല്‍ ആരോപിച്ചു. വിവരാവകാശ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വിജിലന്‍സിന് പരാതി നല്കാനാണ് യുഡിഎഫ് നീക്കം. 

Watch Video Story- Click Here