Latest News
Loading...

ഈരാറ്റുപേട്ട വീണ്ടും ട്രാഫിക് പരിഷ്‌കാരത്തിന് ഒരുങ്ങുന്നു


പലതവണ പാളിപ്പോയ ട്രാഫിക് പരിഷ്‌കാരങ്ങള്‍ ശക്തമായ രീതിയില്‍ നടപ്പാക്കാന്‍ ഈരാറ്റുപേട്ട നഗരസഭ ഒരുങ്ങുന്നു. വേണ്ടത്ര പഠനമില്ലാതെ മുന്‍പ് ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ പാളിയതിനാല്‍ ഇത്തവണ കൃത്യമായ കരുതലോടെയാണ് നഗരസഭയുടെ നീക്കം. ഇതിന്റെ ഭാഗമായി ട്രാഫിക് അഡൈ്വസറി കമ്മറ്റി അംഗങ്ങള്‍ നഗരത്തില്‍ പരിശോധന നടത്തി.

കഴിഞ്ഞ മാസം ചേര്‍ന്ന കൗണ്‍സില്‍ നിര്‍ദേശപ്രകാരമാണ് പരിഷ്‌കരണനടപടികള്‍ ആലോചിക്കുന്നത്. ടൗണില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ആവശ്യമായ വീതി, ഐലന്‍ഡ് സ്ഥാപിക്കുന്നതിനുള്ള സ്ഥലലഭ്യത എന്നിവ സംബന്ധിച്ച് സംഘം വിലയിരുത്തി. റോഡ് വണ്‍വേ ആക്കുന്നതിനുള്ള സാധ്യത സംബന്ധിച്ചും പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. നഗരസഭ ലക്ഷ്യമിടുന്ന പരിഷ്‌കരണങ്ങള്‍ ചെയര്‍മാന്‍ വി.എം സിറാജ് സംഘത്തെ ബോധ്യപ്പെടുത്തി.



മാര്‍ക്കറ്റ് റോഡില്‍ നിന്നും നഗരത്തിലേയ്ക്കുള്ള എന്‍ട്രന്‍സ് പൂര്‍ണമായും നിരോധിക്കും. തെക്കേക്കര കോസ് വേയില്‍ നിന്നും മുന്‍സിപ്പാലിറ്റി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ ചുറ്റി പോകണം. ഇത്തരം നിര്‍ദേശങ്ങള്‍ മുന്‍ ചെയര്‍മാന്റെ ഭരണകാലത്ത് നടപ്പാക്കിയെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ പഴയപടി ആവുകയായിരുന്നു. 



പൊടുന്നനെ നടപ്പാക്കുന്നതിന് പകരം, വിജയിക്കുന്ന തരത്തില്‍ സാവാധാനത്തിലാണെങ്കിലും നടപ്പാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ വിഎം സിറാജ് പറഞ്ഞു. പരിശോധനയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. ഇനി വ്യാപാരികള്‍, യൂണിയന്‍ ഭാരവാഹികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിച്ച് അഭിപ്രായം തേടും. ശേഷം ട്രാഫിക് കമ്മറ്റി അംഗീകരിക്കുന്നതോടെ പരിഷ്‌കരണം നടപ്പാകും. ആര്‍ടിഒ, സി.ഐ., പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജീനീയര്‍, തഹസില്‍ദാര്‍, ചെയര്‍മാന്‍ എന്നിവരുള്‍പ്പെട്ടതാണ് ട്രാഫിക് കമ്മറ്റി.