Latest News
Loading...

ഭക്ഷ്യ- ആരോഗ്യ സ്വരാജ് പുരസ്കാരം മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിന്


സംസ്ഥാന ഭക്ഷ്യ- ആരോഗ്യസ്വരാജ് കർമ്മസമിതിയുടെ പുരസ്കാരം മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിന്. 'ഭക്ഷണം അരികെ- ആരോഗ്യം തിരികെ' എന്ന മുദ്രാവാക്യവുമായി സ്കൂൾ നടത്തിവരുന്ന തുടർച്ചയുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം. സണ്ണി പൈകട കാസർഗോഡ്, സജീവൻ കാവുങ്കര കണ്ണൂർ, കെ.ജി.ജഗദീശൻ ആലപ്പുഴ, കെ.സി.തങ്കച്ചൻ കോട്ടയം എന്നിവർ ഉൾപ്പെട്ട സമിതിയാണ് പുരസ്കാരത്തിനായി സ്കൂളിനെ തെരഞ്ഞെടുത്തത്. 

ജനുവരി 20 ന് കൊടുമ്പിടി വിസിബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഭക്ഷ്യ- ആരോഗ്യ സ്വരാജ് സംസ്ഥാനതല സെമിനാറിൽ വച്ച് ദേശീയ ജൈവവൈവിധ്യ അവാർഡ് ജേതാവും ദേശീയ പ്ലാന്റ് ജീനോം സേവ്യർ അവാർഡ് ജേതാവുമായ ഷാജി കേദാരം, വയനാട്  പുരസ്കാരം നൽകും. സംസ്ഥാന ഭക്ഷ്യ- ആരോഗ്യസ്വരാജ് കർമ്മസമിതി കൺവീനർ സണ്ണി പൈകട അദ്ധ്യക്ഷത വഹിക്കും. 

കുടുംബശ്രീ യോഗങ്ങളിലെത്തി ഇലയിറവ് സെമിനാറുകളും ഇലക്കറി പാചക പരിശീലനവും നൽകി വരുകയാണ് വിദ്യാർത്ഥികൾ. ഉപജില്ലാ ശാസ്ത്രമേളയിൽ സ്കൂളിന്റെ ഭക്ഷ്യ- ആരോഗ്യസ്വരാജ് പ്രൊജക്ടിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. പ്രാദേശിക ഭക്ഷണത്തിന്റെ വൈവിധ്യവും പ്രസക്തിയുമാണ് വിദ്യാർത്ഥികൾ പ്രചരിപ്പിക്കാനും പ്രയോഗിക്കാനും ശ്രമിക്കുന്നത്. ഭക്ഷ്യ- ആരോഗ്യ സ്വരാജ് സർവ്വെ, ബോധവൽക്കരണങ്ങൾ, പരിശീലനങ്ങൾ, പ്രദർശനങ്ങൾ, കർക്കിടകത്തിലെ പത്തിലക്കെട്ട് വിതരണം, കൃഷി തുടങ്ങി പതിനെട്ടോളം ബഹുമുഖ പ്രവർത്തനങ്ങളാണ് ചെറിയ കാലയളവിൽത്തന്നെ സ്കൂൾ നടത്തിയത്. 

കൂടുതൽ വിദ്യാലയങ്ങൾ ഭക്ഷ്യ-ആരോഗ്യസ്വരാജ് പ്രവർത്തനം ഏറ്റെടുക്കാൻ ഈ പുരസ്കാരം പ്രചോദനമാകുമെന്നാണ് സംസ്ഥാന കർമ്മസമിതിയുടെ പ്രതീക്ഷ.