Latest News
Loading...

ഇന്ത്യയെ ഏകോപിപ്പിക്കുന്ന വികാരമാണ് ഗാന്ധിജി : മാണി സി കാപ്പൻ


പാലാ: ഇന്ത്യൻ ജനതയെ ഏകോപിപ്പിച്ചു നിർത്തുന്ന വികാരമാണ് ഗാന്ധിജിയെന്നും ഗാന്ധിജിയെ മറക്കാനുള്ള ഏതു ശ്രമങ്ങളെയും ഇന്ത്യൻ ജനത തോൽപ്പിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.

ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ' ഗാന്ധിജിയുടെ പ്രസക്തി സമകാലിക ഇന്ത്യയിൽ' എന്ന സെമിനാറും ഗാന്ധിസ്മൃതിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.


ഗാന്ധിതൊപ്പിയിട്ടാലോ ചർക്കയിൽ നൂൽനൂറ്റാലോ ഗാന്ധിജിയാവാൻ സാധിക്കുകയില്ല. ലോകം മുഴുവൻ ആരാധനയോടെ കാണുന്ന ഏക ഇന്ത്യൻ വ്യക്തിത്വം ഗാന്ധിജി മാത്രമാണ്. ഗാന്ധിജിയെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നടന്നുവരുന്നുണ്ട്. ഗാന്ധിജിയുടെ രക്തസാക്ഷിത്വം മറക്കാൻ ദേശാഭിമാനിയായ ഒരു ഇന്ത്യാക്കാരനും കഴിയില്ലെന്നും എം എൽ എ ചൂണ്ടിക്കാട്ടി. ഗാന്ധിജിയെന്ന വികാരം ഇന്ത്യൻ ജനതയ്ക്ക് പകരം വയ്ക്കാനാവാത്ത ശക്തിയാണ്. സ്വാതന്ത്ര്യത്തിന്റെ വിലയറിയാത്തവരാണ് ഗാന്ധിജിയെ മറക്കുന്നതെന്നും മാണി സി കാപ്പൻ പറഞ്ഞു.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ. സിന്ധുമോൾ ജേക്കബ്, സാബു എബ്രാഹം, അനൂപ് ചെറിയാൻ, ബിനു പെരുമന, ജസ്റ്റിൻ ജോർജ്, സുമിത മറിയം മാമ്മൻ എന്നിവർ പ്രസംഗിച്ചു.