Latest News
Loading...

പാലായില്‍ സമാന്തരറോഡ് നിര്‍മാണത്തിന് വേഗതയേറി


പാലായില്‍  തൂണുകളില്‍ തീര്‍ക്കുന്ന റോഡിന്റെ നിര്‍മാണം പുരോഗമിക്കുന്നു. പാലാ ടൗണില്‍ മീനച്ചിലാറിന്റെ തീരംവഴിയുള്ള റിവര്‍വ്യൂ റോഡ് കൊട്ടാരമറ്റം വരെ നീട്ടുന്നതിന്റെ നിര്‍മാണമാണ് നടക്കുന്നത്. തൂണുകളുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. 



വര്‍ഷങ്ങള്‍ നീണ്ട  അനിശ്ചിതത്വത്തിനൊടുവില്‍  രണ്ടു വര്‍ഷം മുന്പാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണം മന്ദഗതിയിലായിരുന്നുവെങ്കിലും സമീപകാലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സജീവമായി. പൂര്‍ണമായും പാലമായാണ് റോഡ് തീര്‍ക്കുന്നത്. 

പാലാ ഏറ്റുമാനൂര്‍ റോഡിന് സമാന്തരമായാണ് റിവര്‍വ്യൂ റോഡ്.  ഒരു കിലോമീറ്റര്‍ നീളത്തില്‍ മീനച്ചിലാറിന്റെ തീരത്തുകൂടി പാലം  തീര്‍ത്ത് റോഡ് നിര്‍മിക്കുവാനാണ്  പദ്ധതി. ഇവിടെ മുതല്‍ കൊട്ടാരമറ്റം വരെ ദീര്‍ഘിപ്പിക്കുന്നതോടെ പാലാ ടൗണില്‍ പൂര്‍ണമായും ഒരു സമാന്തരപാതയുണ്ടാകും. ളാലം ജംഗ്ഷന്‍ മുതല്‍ ജനറല്‍ ആശുപത്രി ജംഗ്ഷന്‍ വരെയാണ് നിലവില്‍ റോഡുള്ളത്. 



ഏറ്റെടുത്ത ഭൂമിയില്‍ 153 തൂണുകള്‍ നിര്‍മിച്ചാണ് റോഡ്. നിര്‍മിച്ചു കൊണ്ടുവരുന്ന സ്ലാബുകള്‍ പാലത്തില്‍ അടുക്കിയായിരിക്കും നിര്‍മാണം. മീനച്ചിലാറിന്റെ തീരത്ത് ഒരു കിലോമീറ്റര്‍ ദൂരമുള്ള വലിയ പാലമാണ് പണിതീര്‍ക്കുന്നത്. 12 മീറ്റര്‍ വീതിയുള്ള റോഡില്‍ രണ്ടു മീറ്റര്‍ വീതിയില്‍ നടപ്പാത ഉണ്ടായിരിക്കും. നടപ്പാത ആറ്റിലേക്കു തള്ളിനില്‍ക്കും. കൊട്ടാരമറ്റത്ത് 100 അടി വീതിയില്‍ പ്രവേശന കവാടം തീര്‍ക്കും.  47.5 കോടി രൂപ മുതല്‍മുടക്കിലാണു നിര്‍മാണം. 



കെ.എം. മാണി  ധനകാര്യ മന്ത്രിയായിരുന്നപ്പോഴാണ് തുക അനുവദിച്ച് പദ്ധതിക്ക് തുടക്കമിട്ടത്. റിവര്‍ വ്യൂ റോഡ് പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെ ഗതാഗതത്തിരക്ക് പൂര്‍ണമായും നിയന്ത്രിക്കാനാകും. നഗരത്തിനുള്ളില്‍ പ്രവേശിക്കാതെ തന്നെ വാഹനങ്ങള്‍ക്ക് ളാലം ജംഗ്ഷനില്‍ നിന്ന് കൊട്ടാരമറ്റത്തെത്താം. ഏറ്റവുമധികം തിരക്കനുഭവപ്പെടുന്ന കൊട്ടാരമറ്റം മുതല്‍ ആശുപത്രി ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് പൂര്‍ണമായും വണ്‍വേ സംവിധാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടാനും സാധിക്കും.