Latest News
Loading...

ഈരാറ്റുപേട്ടയില്‍ വൈസ് ചെയര്‍പേഴ്‌സനെതിരെ അവിശ്വാസനോട്ടീസ്



ഈരാറ്റുപേട്ട നഗരസഭയെ 'അവിശ്വാസപ്രമേയ' ബാധ വിട്ടൊഴിയാതെ പിന്തുടരുന്നു. പോയ നാലുവര്‍ഷത്തിനിടെ പലതവണ അവിശ്വാസപ്രമേയം കണ്ട നഗരസഭയില്‍ പുതിയ അവിശ്വാസം ഉപാധ്യക്ഷയ്‌ക്കെതിരെയാണ്. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ വിട്ടുനിന്നതാണ് വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസിന് തിരിച്ചടിയാകുന്നത്. 

എല്‍ഡിഎഫില്‍ പി.സി ജോര്‍ജ്ജിന്റെ സെക്കുലര്‍ സ്ഥാനാര്‍ത്ഥിയായാണ് ബല്‍ക്കീസ് നവാസ് വിജയിച്ചത്. പി.സി ജോര്‍ജ്ജ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ പി.സി ജോര്‍ജ്ജിനെ തള്ളിപ്പറഞ്ഞ് ബല്‍ക്കീസ് യുഡിഎഫിനൊപ്പം ചേരുകയായിരുന്നു. ഈ സമയത്ത് ഇവര്‍ വൈസ് ചെയര്‍പേഴ്‌സണായിരുന്നു. 

ചെയര്‍മാന്‍ സ്ഥാനം ലീഗ് അവിശ്വാസത്തിലൂടെ നേടിയതോടെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്നായി കോണ്‍ഗ്രസ് നിലപാട്. അതിനിടെ, ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ ഇവര്‍ വിട്ടുനിന്നതോടെ അവിശ്വാസം നല്‍കാന്‍ യുഡിഎഫ് തീരുമാനിക്കുകയായിരുന്നു. 

28 അംഗങ്ങളുള്ള നഗരസഭയില്‍ ലീഗിന് 8, എല്‍ഡിഎഫ് 9, കോണ്‍ഗ്രസ് 3, എസ്ഡിപിഐ 4, ജനപക്ഷം 2, മറ്റുള്ളവര്‍ 2 എന്നിങ്ങനെയാണ് കക്ഷിനില. എന്നാല്‍ യുഡിഎഫിന്റെ മാത്രം വോട്ടുകൊണ്ട് അവിശ്വാസം പാസാകില്ല. വിജയിച്ചശേഷം മറുകണ്ടം ചാടിയ ബല്‍ക്കീസിനെതിരെ ലഭിക്കുന്ന അവസരം എല്‍ഡിഎഫ് ഉപയോഗിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.