Latest News
Loading...

മദ്യനയത്തിനെതിരെ മാനിഷാദ സമ്മേളനം, സര്‍ക്കാരിനെതിരെ കെസിബിസി മദ്യവിരുദ്ധസമിതി


സംസ്ഥാനത്ത് ഭാഗിക മദ്യനിരോധനമേര്‍പ്പെടുത്തിയ കഴിഞ്ഞ സര്‍ക്കാരിന്റെ  കാലത്ത് ബാര്‍കോഴയുടെ പേരുപറഞ്ഞ് നിയമസഭയിലും പൊതുസമൂഹത്തിലും വിപ്ലവം സൃഷ്ടിച്ച മുന്നണി ഇന്ന് മദ്യശാലകള്‍ വ്യാപകമാക്കുകയാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. പാലാ രൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാരിന്റെസ ജനദ്രോഹ മദ്യനയത്തിനെതിരെ സംഘടിപ്പിച്ച 'മാ നിഷാദ' ജനജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രസാദ് കുരുവിള.


മദ്യവര്‍ജനം പറയുന്ന സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലേറുമ്പോള്‍ 26 ബാറുകളുണ്ടായിരുന്നത് ഇപ്പോള്‍ 575 ആക്കി ഉയര്‍ത്തി. ഒന്പത് മാസങ്ങള്‍കൊണ്ട് 70 ബാറുകളാണ് തുടങ്ങിയത്. കള്ളുഷാപ്പുകളുടെ എണ്ണം വര്‍ധിപ്പിച്ചു. പബ്ബുകളും ബ്രൂവറികളും നൈറ്റ്‌ലൈറ്റ് ക്ലബുകളും തുടങ്ങുവാന്‍ ഈ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നു. കര്‍ഷകനെ രക്ഷിക്കാനെന്ന പേരില്‍ കുടുംബങ്ങളെ തകര്‍ക്കാന്‍ പഴവര്‍ഗ വാറ്റുകേന്ദ്രങ്ങളും സ്ഥാപിക്കാനൊരുങ്ങുന്നു. മാസാദ്യദിനത്തിലെ െ്രെഡ ഡേ പിന്‍വലിക്കാന്‍ നീക്കം നടത്തുന്നു. മദ്യവും മയക്കുമരുന്നും മൂലം കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് ഭവിഷ്യത്തുകളെ നേരിടാന്‍ വേണ്ടി സര്‍ക്കാര്‍ മുടക്കിയ തുക എത്രയെന്നും അപകടങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഈ കാലയളവില്‍ എത്രയെന്നും നിയമസഭയില്‍ വ്യക്തമാക്കുവാന്‍ എക്‌സൈസ് വകുപ്പ് മന്ത്രി തയാറാകണം  അദ്ദേഹം ആവശ്യപ്പെട്ടു.



17 ന് കുറുപ്പുന്തറയില്‍ ആരംഭിച്ച 'മാ നിഷാദ' ജാഗ്രതാ സമ്മേളനങ്ങള്‍ കുറവിലങ്ങാട്, രാമപുരം, പൈക, കൊല്ലപ്പള്ളി, മൂന്നിലവ്, ഈരാറ്റുപേട്ട, ഇലഞ്ഞി എന്നിവിടങ്ങളിലും നടന്നു. 27 ന് പാലായിലും 29 ന് മൂലമറ്റത്തും 30 ന് കടുത്തുരുത്തിയിലും സമ്മേളനങ്ങള്‍ നടക്കും